പെട്രോള്‍ ഡീസല്‍ വാഹനങ്ങളില്‍ നിന്നും ലോകം ഇലക്ട്രിക് യുഗത്തിലേക്ക് ചുവടവയ്ക്കുമ്പോള്‍ ഇന്ത്യയും അതിവേഗം മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്തെ ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് ട്രക്ക് ഗുജറാത്തില്‍ തയ്യാറെടുക്കുകയാണ്. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് നിര്‍മിക്കുന്നത്. ട്രിന്റണ്‍ എന്ന കമ്പനിയാണ് ആദ്യ ഇലക്ട്രിക് പുറത്തിറക്കുവാന്‍ തയ്യാറെടുക്കുന്നത്.
ട്രിന്റണ്‍ കമ്പനിക്ക് പിന്നില്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഗുജറാത്തി വ്യവസായി ഹിമാന്‍ഷു പട്ടേലാണ്. 45 ടണ്‍ ഭാരം വഹിക്കുവാന്‍ സാധിക്കുന്ന ട്രക്കിന് 300 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 12 ഗീയറുകളുള്ള ട്രക്കിനെ ഇന്ത്യയുടെ കാലാവസ്ഥയോട് ഇണങ്ങുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
യു എസിലാണ് ട്രിന്റണ്‍ ആദ്യമായി ഇലക്ട്രിക് ട്രക്ക് ട്രിന്റണ്‍ പുറത്തിറക്കിയത്. പിന്നീട് മുന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്. ട്രക്കിന്റെ ചാര്‍ജിങ് സൗകര്യങ്ങള്‍ക്കായി 16 കമ്പനികളുമായി സഹകരിച്ചാണ് ട്രിന്റണിന്റെ പ്രവര്‍ത്തനം. ട്രക്കില്‍ ഓണ്‍ബോര്‍ഡ് ചാര്‍ജിംഗ് സൗകര്യവും ക്രമീകരിച്ചിരിക്കുന്നു.
അമേരിക്കയില്‍ ഇറക്കിയ അതേ മാതൃകയില്‍ തന്നെയാണ് ഇവിടെയും ട്രക്ക് നിര്‍മിച്ചിരിക്കുന്നത്. ആദ്യ വര്‍ഷം 200 ട്രക്കുകള്‍ നിര്‍മിക്കുന്ന കമ്പനിക്ക് ഇതുവരെ 22,000 ട്രക്കുകളുടെ ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്.