മലയാളികക്ക് എന്നും ഓര്‍ത്തു ചിരിക്കാന്‍ നിരവധി അനശ്വരങ്ങളായ സിനിമകള്‍ സമ്മാനിച്ച് നടന് ഇന്നസെന്റ് വിടവാങ്ങി. സവിശേഷമായ ശരീര ഭാഷകൊണ്ടും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണം കൊണ്ടും എന്നും വിത്യസ്തനായിരുന്ന ഇന്നസെന്റ് 100 അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫാസിലിനും സത്യന് അന്തിക്കാടിനും സിദ്ദിഖ് ലാലിനും പ്രയദര്ശനുമെല്ലാം ഒപ്പം ഇന്നസെന്റ് അനശ്വരമാക്കി നിരവധി കഥാപാത്രങ്ങളുണ്ട്.
തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരിയിലാണ് അദ്ദേഹം ജനിച്ച്. പിന്നിട് വിദ്യാഭ്യാസം എട്ടാം ക്ലാസില്‍ അവസാനിപ്പിച്ച ഇന്നസെന്റ് അഭിനയം പഠിക്കുവാന്‍ മദ്രാസിലേക്ക് വണ്ടികയറി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി സിനിമയില്‍ തുടക്കം കുറിച്ച അദ്ദേഹം 1972ല്‍ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷം ചെയ്യുവാന്‍ അവസരം ലഭിച്ച ഇന്നസെന്റ് ഉര്‍വശി, ഭാരതി, ഫുട്ബോള്‍ ചാമ്പ്യന്‍, നെല്ല് എന്നി ചിത്രങ്ങളില്‍ അഭിനയിച്ചു.
അഭിനയത്തിന് ഒരു ഇടവേള കൊടുത്ത് അദ്ദേഹം പിന്നീട് കര്‍ണാടകയില്‍ തന്റെ സഹോദരനൊപ്പം തീപ്പട്ടി കമ്പനി നടത്തുകയുണ്ടായി. മദ്രാസില്‍ വെച്ച് ടൈഫോയിഡ് പിടിപെട്ടതായിരുന്നു കര്‍ണാടകയിലേക്ക് ഇന്നസെന്റ് പോകുവാന്‍ കാരണം. ബിസനസില്‍ സജ്ജീവമായ ഇന്നസെന്റ് അഭിനയ മോഹം കൈവിട്ടിരുന്നില്ല. 1974-ല്‍ തീപ്പട്ടികമ്പനിയില് നിന്നും പിന്മാറിയ ഇന്നസെന്റ് തുകല്‍ വ്യാപാരം ആരംഭിച്ചു. തുകല്‍ വ്യാപാരത്തിനൊപ്പം സൈക്കിള്‍ വാടകയ്ക്ക് നല്കുന്ന ജോലിയും അദ്ദേഹം ചെയ്തിരുന്നു.
വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കെബൈന്സ് എന്നി സിനിമ നിര്‍മാണ കമ്പനി ആരംഭിച്ചു. ഈ ബാനറില്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു അക്കാലത്ത്. എന്നാല്‍ സിനിമ നിര്‍മാണ രംഗത്ത് അദ്ദേഹത്തിന് വലിയതായി ശോഭിക്കുവാന്‍ കഴിഞ്ഞില്ല. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്നസെന്റിന് 1982ല്‍ പുറത്തിറങ്ങിയ ഭരതന് ചിത്രം ഓര്‍മയ്ക്കായി വലിയ സ്വീകാര്യത നേടിക്കൊടുത്തു. പിന്നീട് എണ്ണിയാല്‍ ഒടുങ്ങാത്ത ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.
രാഷ്ട്രീയത്തിലും ഒരു കൈനോക്കിയ അദ്ദേഹം സിനിമയില്‍ എത്തുന്നതിന് മുമ്പ് ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് 2014ല്‍ ചാലക്കുടി നിയോജക മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.