തിരുവനന്തപുരം. സംസ്ഥാനത്തെ സംരംഭകരുടെ പരാതികള്‍ക്ക് പരിഹാരം കാണുവാന്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചു. സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന പദ്ധതിക്കായി ജില്ലാ, സംസ്ഥാന തല പരാതി പരിഹാര സമിതികള്‍ രൂപീകരിക്കും. പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. പരാതി ലഭിച്ചാല്‍ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തുവാന്‍ സാധിക്കും.
സംസ്ഥാനത്ത് 10 കോടി രൂപ വരെ നിക്ഷേപമുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതി ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ജില്ലാ തല സമിതി പരിശോധിക്കും. അതേസമയം 10 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള സംരംഭങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളും ജില്ലാ കമ്മിറ്റിയില്‍ നിന്നും ലഭിക്കുന്ന അപ്പീലും സംസ്ഥാന സമിതി പരിശോധിക്കും.
സംസ്ഥാന സമിതിയില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടര്‍ കണ്‍വീനറുമാണ്. ജില്ലാ, സംസ്ഥാന സമിതികള്‍ക്ക് സിവില്‍ കോടതിക്ക് തുല്യമായ അധികാരം ഉണ്ട്. സേവനം നല്‍കാന്‍ നിയുക്തനായ ഉദ്യോഗസ്ഥന്‍ മതിയായ കാരണം കൂടാതെ കാലതാമസമോ വീഴ്ചയോ വരുത്തിയാല്‍ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യാനും ഈ സമിതികള്‍ക്ക് അധികാരമുണ്ടാകും.
പരിഹാരം നിര്‍ദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയില്‍ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തില്‍ പിഴ ഈടാക്കാനാകും. 17 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് പരിഹാരം ഉണ്ടാവുക.