ന്യൂഡല്‍ഹി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതോടെയാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള അസംസ്‌കൃത എണ്ണയുടെ വ്യാപാരവും വര്‍ധിക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത് ഒരു ശതമാനമാണെങ്കില്‍ ഇപ്പോള്‍ 35 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. സര്‍വകാല റെക്കോര്‍ഡിലേക്കാണ് ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നത്.
ഫെബ്രുവരിയില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. മുമ്പ് ഇന്ത്യ സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നുമാണ് എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. ഈ രണ്ട് രാജ്യങ്ങളിലെ ഇറക്കുമതിയിലും കൂടുതലാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നും എത്തുന്ന എണ്ണയുടെ അളവ്. കണക്കുകള്‍ പ്രകാരം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മൂന്നിലൊന്നും എത്തുന്നത് റഷ്യയില്‍ നിന്നുമാണ്. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് റഷ്യ ഇന്ത്യയ്ക്ക് വലിയ ഇളവുകള്‍ നല്‍കുവാന്‍ തയ്യാറായി. ഇതോടെയാണ് കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ആരംഭിച്ചത്. മുമ്പ് ഇന്ത്യ എണ്ണ കൂടുതലായും ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. 16 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നും എണ്ണ ഇറക്കുമതി നടക്കുന്നത്.
അതേസമയം ഇന്ത്യ റഷ്യന്‍ എണ്ണ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇതിലൂടെ വലിയ ലാഭമാണ് രാജ്യത്തിന് ലഭിക്കുന്നത്. കുറഞ്ഞ വിലയില്‍ എണ്ണ ലഭിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് റഷ്യ-യുക്രൈന്‍ യുദ്ധം വലിയ നേട്ടമാണ് നല്‍കിയതെന്ന് വിലയിരുത്താം.