93 കാരിയായ ലോട്ടറി വില്‍പ്പനക്കാരി ദേവയാനിയമ്മയെ യുവാവ് കള്ള നോട്ട് നല്‍കി പറ്റിച്ച സംഭവത്തില്‍ ദേവയാനിയമമയ്ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശിയാണ് ദേവയാനിയമ്മ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു യുവാവ് ദേവയാനിയമ്മയെ പറ്റിച്ചത്. വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി പേര്‍ സഹായവുമായി എത്തി.
ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേവയാനിയമ്മയെ സഹായിക്കുവാന്‍ സന്തോഷ് പണ്ഡിറ്റ് എത്തിയത്. തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ അവര്‍ക്ക് സഹായം എത്തിക്കുവാന്‍ സാധിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ദേവയാനിയമ്മയ്‌ക്കൊപ്പമുള്ള വിഡിയോയും അദ്ദേഹം പങ്കുവെച്ചു. കള്ളനോട്ട് നല്‍കി ചിലര്‍ വഞ്ചിച്ച 93കാരിയായ ദേവയാനിയമ്മയെ കോട്ടയം മുണ്ടക്കയത്ത് എത്തി സന്ദര്‍ശിച്ചുവെന്നും.
കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാനും ചെറിയ സഹായം ചെയ്യുവാനും സാധിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നിരവധി പേര്‍ സഹായവുമായി എത്തിയതോടെ ലോട്ടറിക്കച്ചവടം ആരംഭിച്ചിരിക്കുകയാണ് ദേവയാനിയമ്മ. കള്ളനോട്ട് നല്‍കി 4,000 രൂപയുടെ ലോട്ടറിയാണ് യുവാവ് തട്ടിയെടുത്തത്. ഇവര്‍ എരുമേലിയില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് നടന്ന് വരുന്ന വഴിയാണ് പറ്റിക്കപ്പെട്ടത്.
100 ടിക്കറ്റുകളാണ് യുവാവ് വാങ്ങിയത്. 40 രൂപ വിലവരുന്ന നൂറ് ടിക്കറ്റിന് 4,000 രൂപ വില വരും. കാറില്‍ എത്തിയ യുവാവ് ലോട്ടറി മുഴുവന്‍ വാങ്ങാമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ലോട്ടറി വാങ്ങിയ യുവാവ് 2,000 രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കി. തുടര്‍ന്ന് ദേവയാനിയമ്മ ഓട്ടോയില്‍ കയറി നോട്ട് കൊടുത്തപ്പോഴാണ് കള്ള നോട്ടാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.