മലപ്പുറം. ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുവാനായി രണ്ട് വര്‍ഷം നീട്ടി വളര്‍ത്തിയ തന്റെ മുടി മുറിച്ച് നല്‍കി ആറാം ക്ലാസ് വിദ്യാര്‍ഥി. കാട്ടമുണ്ട ഈസ്റ്റ് സര്‍ക്കാര്‍ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ഇതിഹാസ് അലിയാണ് മുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്കായി നല്‍കി മാതൃകയായത്. നടുവത്ത് പുത്തന്‍കുന്നില്‍ ചുങ്കത്ത് ഷനവാസിന്റെയും ലീനുവിന്റെയും മകനാണ് ഇതിഹാസ് അലി.
ഇതിഹാസ് കോഴിക്കോട് ഫറൂക്കിലെ ഹെയര്‍ ഡൊണേഷന്‍ സെന്ററിലാണ് മുടി നല്‍കിയത്. കൊവിഡ് കാലത്ത് കുട്ടി വീട്ടില്‍ ഇരുന്നപ്പോള്‍ കണ്ട സിനിമകളിലും പിന്നീട് ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതിഹാസ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. വീട്ടില്‍ നിന്നും ഇതിഹാസിന് വലിയ പിന്തുണ കൂടെ ലഭിച്ചതോടെ രണ്ട് വര്‍ഷം ഇതിനായി മുടി വളര്‍ത്തുകയായിരുന്നു.
കുട്ടിയുടെ മുത്തശ്ശി ജൂമൈലയാണ് മുടി നന്നായി കഴുകി ചീകി വൃത്തിയാക്കി കൊടുത്തിരുന്നത്. സഹോദരങ്ങളായ ഇല്‍ഹാം, ഐതിഹ് എന്നിവരും ഇതിഹാസിന് പിന്തുണ നല്‍കി. മുടി വളര്‍ത്തിയതോടെ രാവിലെ ചീകി ഉണക്കാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ വൈകിട്ടായിരുന്നു മുടിക്കായി വേണ്ടതെല്ലാം ചെയ്തിരുന്നത്. രാവിലെ മുടി ചീവി കെട്ടിവെച്ചാണ് സ്‌കൂളില്‍ പോയിരുന്നത്.സ്‌കൂളിലെ സഹപാഠികളും അധ്യാപകരും ഇതിഹാസിന് പിന്തുണ നല്‍കി.