ബുര്‍ജ് ഖലീഫയ്ക്ക് ചുറ്റും ലോകത്തിലെ ഏറ്റവും വലിയ ജി പി എസ് ഡ്രോയിങ്ങിനായി റൂട്ട് കണ്ടെത്തി മലയാളി. മലയാളിയായ സുജിത് വര്‍ഗീസാണ് വീല്‍ചെയറില്‍ ബുര്‍ജ് ഖലീഫയ്ക്ക് ചുറ്റും റൂട്ട് കണ്ടെത്തി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത്. ആദ്യമായിട്ടാണ് ലോകത്ത് ഈ വിഭാഗത്തില്‍ ഒരാള്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കുന്നത്.
സുജിത് വര്‍ഗീസിന്റെ ഈ പരിശ്രമത്തിന് ദുബായ് പോലീസിന്റെ സഹായം കൂടെ ലഭിച്ചതോടെ വളരെ എളുപ്പത്തില്‍ സുജിത്തിന് ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. പ്രത്യേകമായി ഡിസൈന്‍ ചെയ്ത പാതയിലൂടെ സഞ്ചരിച്ചാണ് 8.71 കിലോ മീറ്റര്‍ നീളമുള്ള ജി പി എസ് ലോഗോ സുജിത് തയ്യാറാക്കിയത്. സ്വയം പ്രയത്‌നം കൊണ്ടാണ് സുജിത് ഇത്തരമൊരു റൂട്ട് കണ്ടെത്തിയതും വീല്‍ചെയറില്‍ സഞ്ചരിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ചതും.
താന്‍ വീല്‍ചെയറില്‍ മുന്നോട്ട് പോകുമ്പോള്‍ തന്റെ മനസ്സില്‍ ലക്ഷ്യം മാത്രമായിരുന്നുവെന്ന് സുജിത് പറയുന്നു. ഇത് അവസാനമല്ല, ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം മാത്രമാണെന്ന് വൈകല്യമുള്ളവരെ അറിയിക്കുക എന്നതായിരുന്നു തന്റെ ദൗത്യമെന്നും സുജിത് പറയുന്നു. പ്രതിസന്ധികളോട് പൊരുതിയാണ് സുജിത് ജീവിതത്തില്‍ മുന്നേറുന്നത്. 2003-ല്‍ തന്റെ 20-ാം വയസ്സില്‍ ബൈക്ക് അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ സുജിത്തിന് അരയ്ക്ക് താഴേക്ക് തളര്‍ന്നു പോകുകായിരുന്നു.
എന്നാല്‍ ജീവിതത്തില്‍ പരാജയപ്പെടുവാന്‍ തയ്യാറാകാതിരുന്ന സുജിത് വില്‍ചെയറില്‍ തന്നെ തന്റെ പരിമിധികളെ മറികടക്കുവാന്‍ തീരുമാനിച്ചു. സ്‌കൂള്‍ കാലത്ത് മികച്ച അത്‌ലറ്റായിരുന്ന സുജിത് കോളേജ് വിദ്യാഭ്യാസ കാലത്ത് ബോക്‌സിങ്ങിലും തിളങ്ങിയിരുന്നു. അപകടത്തിന് ശേഷം 2016ല്‍ ജിമ്മില്‍ പരിശീലനം ആരംഭിച്ചതോടെ പ്രചോദനാത്മകമായി ജീവിതത്തിന്റെ രണ്ടാം അധ്യായം ആരംഭിച്ചു.
ജിം ഇന്‍സ്ട്രക്റ്റിങ്ങിലും വ്യക്തിഗത പരിശീലനത്തിലും ഐക്യു ലെവല്‍ മൂന്ന് ഡിപ്ലോമ നേടിയ സുജിത് തനിക്ക് സാധിക്കുന്ന എല്ലാ മേഖലയിലും തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനമായി മാറുകയാണ്. മുമ്പ് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അഡൈ്വസറായി ദുബായില്‍ ജോലി ചെയ്തിരുന്ന പിതാവ് വര്‍ഗീസ് കോശിയുടെയും ഇഎന്‍ബിഡി ബാങ്കില്‍ ഉദ്യോഗസ്ഥയായ സാറാമ്മ വര്‍ഗീസിന്റെയും സഹോദരങ്ങളായ സോണിയ, സോഫിയ എന്നിവരുടെയും പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും സുജിത്തിനുണ്ട്. അദ്ദേഹത്തെ തേടി ഒട്ടേറെ അംഗീകാരങ്ങളും പിന്നാലെയെത്തി. 2017ല്‍ മസാല അവാര്‍ഡില്‍ മികച്ച ഇന്‍സ്പിരേറ്റീവ് പേഴ്‌സനാലിറ്റി അവാര്‍ഡ് നേടിയിട്ടുണ്ട്.