ബെംഗളൂരു. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കെ ബി ജെ പിയുടെ അഭിമാന പദ്ധതിയായ ബെംഗളൂരു മൈസൂരു അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച തുറക്കും. ബെംളരുവില്‍ നിന്നും മൈസൂരുവിലേക്ക് 75 മിനിറ്റുകൊണ്ട് യാത്ര ചെയ്യുവാന്‍ ഈ പാതയിലൂടെ സാധിക്കും. 10 വരികളുള്ള അതിവേഗ പാത നിര്‍മിക്കുവാന്‍ 8172 കോടി രൂപയാണ് ചെലവ് വന്നത്.
118 കിലോമീറ്റര്‍ വരുന്ന പാതയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ പദ്ധതികളാണ് നടപ്പാക്കുക. അതിവേഗ പാതയോടൊപ്പം 16,000 കോടിയുടെ വിവിധ പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് പാത നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പാതയിലെ ടോള്‍ പിരിവ് 14ന് ശേഷം ആരംഭിക്കും.
വേഗത കുറഞ്ഞ ഇരുചക്രവാഹനങ്ങള്‍ ഓട്ടോറിക്ഷ എന്നിവയ്ക്ക് പാതയില്‍ പ്രവേശനം ഉണ്ടാകില്ല. അതിവേഗ പാത തുറക്കുന്നതിന് മുമ്പ് ബെംഗളരുവില്‍ നിന്നും മൈശൂരുവിലേക്കു യാത്ര ചെയ്യുവാന്‍ 3 മണിക്കൂര്‍ സമയം വേണ്ടിവന്നിരുന്നു. ഇതാണ് 75 മിനിറ്റിലേക്ക് ചുരുങ്ങിയിരിക്കുന്നത്. പുതിയ അതിവേഗ പാത കേരളത്തിനും കൂടുതല്‍ ഗുണം ചെയ്യും. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള യാത്ര സമയം ഒന്നര മണിക്കൂര്‍ കുറയും.
അതിവേഗ പാതയില്‍ പ്രധാന പാത ആറ് വരിയാണ്. ഒപ്പം സര്‍വീസ് റോഡ് 2 വരി വീതം ക്രമീകരിച്ചിരിക്കുന്നു. 100 കിലോമീറ്റര്‍ വേഗതയില്‍ പാതിയിലൂടെ സഞ്ചരിക്കുവാന്‍ സാധിക്കും. അതിവേഗ പാതയുടെ നിര്‍മാണം 2018ലാണ് ആരംഭിച്ചത്. രണ്ട് ടോള്‍ പ്ലാസകള്‍ പാതയില്‍ പ്രവര്‍ത്തിക്കും. പാതിയില്‍ വലിയ പാലങ്ങള്‍ 9 എണ്ണവും ചെറിയ പാലങ്ങള്‍ 42 എണ്ണവും മേല്‍പ്പാലങ്ങള്‍ 11, അടിപ്പാതകള്‍ 64 എണ്ണം വീതമുണ്ട്.