രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന ബ്രിട്ടീഷ് ഭരണത്തിന് ശേഷം തകർന്നടിഞ്ഞിരുന്ന ഭാരതത്തെ ലോകത്തിന് മുന്നിലേക്ക് സാമ്പത്തികമായും, സാമൂഹികമായും ഉയർത്തിക്കൊണ്ട് വരുക എന്നത് ക്ലേശകരമായിരുന്നു. ഒപ്പം ജാതിവെറി പിടിച്ച ഒരു സമൂഹത്തെ ഒപ്പം കൂട്ടി നാനാത്വത്തിൽ എകത്വം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുക എന്നത് ശ്രമകരമായ ഒരു ദൗത്വം തന്നെയായിരുന്നു. ജാതിവെറിയുടെ ഒരു കാലത്ത് നിന്നും ഇപ്പോൾ നമ്മളെ വി ദീ പീപ്പിൾ ഓഫ് ഇന്ത്യ എന്ന് ഒന്നിച്ച് നിന്ന് പറയുവാൻ ഈ രാജ്യത്തെ ജനങ്ങൾക്ക് കരുത്ത് പകർന്നത് ഭരണഘടനാ ശീൽപിയായ ഡോ ഭീം റാവു അംബേദ്കർ എന്ന വ്യക്തിയാണ്.
ജാതീയത കൊടി കുത്തിവാണിരുന്ന 1891ലെ ഒരു ഏപ്രിൽ മാസം 14നായിരുന്നു മധ്യപ്രദേശിൽ അംബേദ്കർ ജനിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ 132-ാം ജന്മവാർഷികമാണ്. സാമൂഹിക പരിഷ്കർത്താവ്, നിയമവിശാരദൻ, വിദ്യാഭ്യാസ – സാമ്പത്തിക വിദഗ്ധൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തെ ഇന്ന് രാജ്യം ഒർക്കുന്നു.
മനുഷ്യരെ പരസ്പരം സ്നേഹിക്കുവാനോ മനസ്സിലാക്കുവാനോ കഴിയാത്ത ആ സമൂഹത്തിൽ കുഞ്ഞ് അംബേദ്കർ കുട്ടിക്കാലത്തിന്റെ തുടക്കത്തിൽ തന്നെ കൊടിയ ജാതീയതയുടെ ഇരയായി മാറി. ഈ വിവേചനം ഇന്ത്യയിലെ ജാതി വ്യവസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പിന്നീട് തന്റെ ജീവിതത്തിൽ, അദ്ദേഹം തന്റെ വിശ്വാസം ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നതും ചരിത്രം.
രാജ്യം, ഇന്ത്യൻ ഭരണഘടനയുടെ പിതാവായി സ്‌നേഹപൂർവ്വം സ്മരിക്കപ്പെടുന്ന ഡോ ബി ആർ അംബേദ്കറുടെ ജന്മവാർഷികമായ ഭീം ജയന്തിയും മഹാപരിനിർവാൻ ദിവസും 2015 മുതൽ പൊതു അവധിയായി രാജ്യത്ത് ആചരിക്കുന്നു. രാഷ്ട്രീയക്കാരനും നരവംശശാസ്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനും എല്ലാമായിരുന്നു ഡോ ബിആർ അംബേദ്കർ. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും ബിരുദം നേടിയ പിന്നോക്ക വിഭാഗത്തിൽ പെട്ട ആദ്യത്തെ വ്യക്തിയാണ് മഹാനായ ഡോ അംബേദ്കർ.
അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് മഹാരാഷ്ട്രയിലുടനീളം ഘോഷയാത്രയും സമ്മേളനങ്ങളുമുണ്ടാകും. ഭൗതികശരീരം സംസ്കരിച്ച ദാദറിലെ ചൈത്യഭൂമിയിലെ ചടങ്ങിലും. അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലെ സ്മാരകത്തിലും പതിനായിരങ്ങൾ സംഗമിക്കും. തെലങ്കാനയിൽ 125 അടി ഉയരമുള്ള അംബേദ്കർ പ്രതിമ ഇന്നു മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു അനാഛാദനം ചെയ്യും. പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിനു തൊട്ടടുത്ത്, ബുദ്ധപ്രതിമയ്ക്ക് എതിർവശത്താണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. 119 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി 35,000 പേർ പങ്കെടുക്കുന്ന ചടങ്ങിൽ അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ മുഖ്യാതിഥിയായി പങ്കെടുക്കും.