കൊച്ചി. കോടികള്‍ മുടക്കി സംസ്ഥാന പോലീസിന്റെ ഉപയോഗത്തിനായി വാങ്ങിയ ബോട്ടുകള്‍ പലതും കാര്യമായി ഉപയോഗിക്കാത്തത് മൂലം ആക്രിയാക്കി വിറ്റു. കോടികളുടെ ബോട്ടുകള്‍ ആക്രി വിലയ്ക്ക് തൂക്കി വിറ്റപ്പോള്‍ കിട്ടിയതാകട്ടെ തുച്ഛമായ തുകയും. കേരളത്തില്‍ സംസ്ഥാന പോലീസ് സേനയ്ക്ക് 72 ബോട്ടുകള്‍ ഉള്ളതായിട്ടാണ് കണക്ക്. എന്നാല്‍ ജില്ലകള്‍ തിരിച്ച് കണക്കെടുത്താല്‍ പോലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന കണക്കുകളുമായി പൊരുത്തക്കേടുകള്‍ കാണുവാന്‍ സാധിക്കും.
കൊച്ചി സിറ്റി പോലീസ് കണ്ടം ചെയ്ത സ്പീഡ് ബോട്ടുകല്‍ 47 മുതല്‍ 66 മണിക്കൂര്‍ വരെ മാത്രമാണ് ഓടിച്ചത്. എന്നാല്‍ സ്പീഡ് ബോട്ടുകള്‍ വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കിയതാകട്ടെ 35 ലക്ഷം രൂപയും. വാടകയ്ക്ക് എടുത്ത് ബോട്ടുകള്‍ ഉപയോഗിക്കുന്നതാണ് ഇതിലും ലാഭം എന്നാണ് വിലയിരുത്തല്‍. ഈ ബോട്ടുകള്‍ വാങ്ങിയ ശേഷം സര്‍വ്വീസ് നടത്തിയോ എന്ന കാര്യത്തിലും ഒരു രേഖയും എവിടെയുമില്ല.
സംസ്ഥാന പോലീസിന് ബോട്ടുകള്‍ ഉണ്ടെങ്കിലും ബോട്ട് ഓടിക്കുവാന്‍ ലൈസന്‍സ് ഉള്ളവര്‍ കുറവാണ്. എറണാകുളം റൂറലില്‍ ബോട്ട് ഓടിക്കാന്‍ ലൈസന്‍സ് ഒരാള്‍ക്ക് മാത്രമാണുള്ളത്. എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണിത്. എന്നാല്‍ കൊച്ചി സിറ്റിയില്‍ ലൈസന്‍സുള്ള ജീവനക്കാര്‍ പോലീസില്‍ ഇല്ല. അതേസമയം ആലപ്പുഴയില്‍ ഏട്ട് ജീവനക്കാര്‍ക്ക് ലൈസന്‍സുണ്ട്.
രണ്ട് കോടിയോളം രൂപ മുടക്കി പോലീസ് വാങ്ങിയ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും കാര്യമായി ഉപയോഗിക്കുവാന്‍ പോലീസ് തയ്യാറായിട്ടില്ല. എറണാകുളം റൂറലില്‍ 7.15 ലക്ഷം മുടക്കി വാങ്ങിയ ബോട്ടുകളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴയില്‍ 9 ബോട്ടുകള്‍ വാങ്ങിയതില്‍ 7 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി സിറ്റി പോലീസ് 2010ന് ശേഷം വാങ്ങിയ ബോട്ടുകലുടെ ഏഴ് എണ്ണമാണ് എന്നാല്‍ ഇതില്‍ അഞ്ച് എണ്ണവും ആക്രിയാക്കി.