ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും അരിക്കൊമ്പന്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും അവയ്‌ക്കൊന്നും വലിയ പ്രധാനം നല്‍കാത്തവരാണ് മലയാളികളില്‍ ഭൂരിഭാഗവും. സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തില്‍ അരിക്കൊമ്പനെ പിടിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുമായി ചില സംഘടനകള്‍ കോടതിയെ സമീപിച്ചതോടെ ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിന് തന്നെയാണ് അത് വിലങ്ങ് തടിയായിരിക്കുന്നത്.
പലപ്പോഴും നാം കേട്ടതിനേക്കാള്‍ ഭീകരമാണ് ആന ഭീതിയില്‍ കഴിയുന്ന ജനങ്ങളുടെ ജീവിതം. കുട്ടികളെ അടക്കം സുരക്ഷിതമായി താമസിപ്പിക്കുവാന്‍ ആ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. പാതിരാത്രിയില്‍ പോലൂം ഉറക്കമില്ലാതെ കുട്ടികള്‍ക്കും മുതിര്‍ന്ന മാതാപിതാക്കള്‍ക്കും കാവലിരിക്കുന്ന ഒരു ജനതയാണ് അവിടെ ജീവിക്കുന്നത്.
പലപ്പോഴായി ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുവനാണ് ഈ മേഖലയില്‍ താമസിക്കുന്നവരുടെ വിധി. 2005 ന് ശേഷം ചിന്നക്കനാല്‍ ശാന്തന്‍പാറ ഭാഗത്ത് 34 പേര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇതില്‍ ഏഴ് പേരെ കൊലപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുള്ള അരിക്കൊമ്പന്‍ എന്ന ആനയും. അരിക്കൊമ്പന്‍ തകര്‍ക്കാത്ത ഒരു വീട് പോലൂം 301 കോളനിയിലില്ല എന്നതാണ് സത്യം.
2017ല്‍ മാത്രം ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന് 52 വീടുകളും കടകളുമാണ്. അരിക്കൊമ്പന്‍ മൂന്ന് മാസത്തിനിടെ 31 കെട്ടടങ്ങള്‍ തകര്‍ത്തു. എന്നാല്‍ ഈ ഭീകര സത്യങ്ങള്‍ ഇന്നും ചിന്നക്കനാല്‍ ശാന്തന്‍പാറ ഭാഗത്ത് താമസിക്കുന്നവരുടെത് മാത്രമാണെന്നാണ് അരിക്കൊമ്പനെ മഹത്വവല്‍ക്കരിക്കുന്നവര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരാണ് അരിക്കൊമ്പനു. അവര്‍ ആനയുടെ ദൃശ്യങ്ങള്‍ക്കൊപ്പം ചലചിത്രഗാനങ്ങളും നിറച്ച് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുമ്പോള്‍ ജീവിതം തിരിച്ചുപിടിക്കുവാനുള്ള ഓട്ടത്തിലാണ് ഒരു ജനത.
സഹജീവികളോട് കാട്ടാത്ത എന്ത് തരം സ്‌നേഹമാണ് സോഷ്യല്‍ മീഡിയയില്‍ അരിക്കൊമ്പനെ ആഘോഷമാക്കുന്നവര്‍ മൃഗങ്ങളോട് കാണിക്കുന്നത്. അന്നത്തെ അന്നത്തിനായി കഠിനാമായി അദ്ധ്വാനിക്കുന്ന ഒരു ജനതയെ നാം കണ്ടില്ലെന്ന് നടക്കുന്നത് ശരിയല്ല. ആ മണ്ണില്‍ അവര്‍ക്ക് സമാധാനമായി ജീവിക്കുന്നതിനുള്ള പോരാട്ടമാണ് അവര്‍ നടത്തുന്നത്. അത് കണ്ടില്ലെന്ന് നമ്മള്‍ കരുതുന്നത് ശരിയല്ല.