ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുപ്രധാന കണ്ടുപിടിത്തങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചാറ്റ് ജിപിടിയും. മനുഷ്യന് പകരം വയ്ക്കാൻ റോബോട്ടുകൾ സൃഷ്ടിക്കുന്ന പ്രക്രിയയിലാണ് ശാസ്ത്രലോകം. ഇവയിൽ പലതിന്റെയും അടിസ്ഥാന ഘടകം ആറ് നൂറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന ഒരു മലയാളി ഗണിതശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവൻ ആണ് എന്നുള്ള വാദം പുറത്തു വരുന്നുണ്ട്.
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇരിങ്ങാടപള്ളി മനയിലാണ് മാധവൻ എന്ന മാധവൻ നമ്പൂതിരി ജീവിച്ചിരുന്നത്. ഇരിങ്ങാടപള്ളി മഹാവിഷ്ണുക്ഷേത്രത്തിൽ പൂജ നടത്തുന്നതിനൊപ്പം അദ്ദേഹം ഗണിതശാസ്ത്ര മേഖലകളിൽ പെട്ട കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. അതിനൊപ്പം ആകാശ നിരീക്ഷണത്തിനായും മാധവൻ ഉപയോഗിച്ചിരുന്ന കരിങ്കൽപീഠം ഇപ്പോഴും 1700 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
കാൽക്കുലസ് ഗണിത സിദ്ധാന്തം ഐസക് ന്യൂട്ടന് 200 വർഷം മുൻപ് തന്നെ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ് മാധവൻ. കേരള സ്കൂൾ ഓഫ് മാത്തമാറ്റിക് എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അദ്ദേഹമാണ്. 36 മിനിറ്റിലും ചന്ദ്രന്റെ സ്ഥാനങ്ങൾ എവിടെയാണെന്ന് മാധവൻ കൃത്യമായി നിർണയിച്ചു.അതിന്റെ പരിധി സൂക്ഷ്മമായി നിർണയിക്കാനുള്ള അനന്തശ്രേണി ഉപയോഗിച്ചുള്ള മാർഗ്ഗം ആദ്യമായി കണ്ടെത്തിയത് ഇദ്ദേഹമാണ്. ഗോള ഗണിതത്തിൽ അഗാതപാണ്ഡിത്യം ഉണ്ടായിരുന്ന മാധവൻ ഗോളവിദ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നു.
നൂറ്റാണ്ടുകൾക്കിപ്പുറം മാധവന്റെയും ശിഷ്യപരമ്പരകളുടെയും കണ്ടെത്തലുകൾ ശാസ്ത്രലോകം ഇന്ന് അംഗീകരിച്ചു കഴിഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും ഉള്ള കലാശാലകളിൽ ഇന്ന് മാധവന്റെ സിദ്ധാന്തങ്ങൾ പഠന വിഷയമായി എടുത്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശാസ്ത്രജ്ഞന്മാരും ശാസ്ത്ര വിദ്യാർഥികളും അദേഹം ജീവിച്ച ക്ഷേത്രവും മനയും കാണാൻ കേരളത്തിൽ എത്തുന്നുണ്ട്. എഴുതാൻ പേനയോ ഒരു പേപ്പറോ പോലുമില്ലാതെ കാലഘട്ടത്തിലാണ് മാധവൻ ഈ ഗവേഷണ നിരീക്ഷണങ്ങൾ നടത്തിയത്.