ന്യൂയോര്‍ക്ക്. സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു. ബൂസ്റ്റര്‍ പ്രഷറൈസേഷന്‍ സിസ്റ്റത്തിലെ തകരാര്‍ മൂലമാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തുറ്റ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവെച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് യു എസിലെ ടെക്സാസില്‍ നിന്നായിരുന്നു സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്‍ജിനിലേക്ക് തീ പകരുന്നതിന് 10 സെക്കന്‍ഡുകള്‍ക്ക് മുന്‍പാണ് പ്രവര്‍ത്തനം നിര്‍ത്തുവാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വിക്ഷേപണത്തിനായി അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് തകരാര്‍ കണ്ടെത്തിയത്. തകരാര്‍ പരിഹരിച്ച് ഏതാനം ദിവസങ്ങള്‍ക്ക് ഉള്ളില്‍ വിക്ഷേപണത്തിനായി വീണ്ടും ശ്രമിക്കുമെന്ന് സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക് അറിയിച്ചു. സ്റ്റാര്‍ഷിപ്പ് പേടകവും സൂപ്പര്ബെവി എന്ന റോക്കറ്റും അടങ്ങുന്നതാണ് വിക്ഷേപണത്തിനായി തയ്യാറാക്കിയത്. 150 മെട്രിക് ടണ്‍ ബഹിരാകാശത്ത് എത്തിക്കുവാന്‍ സാധിക്കുന്ന സ്റ്റാര്‍ഷിപ്പില്‍ 100 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കും.
പൂര്‍ണമായും സ്റ്റെയില്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്ന സ്റ്റാര്‍ഷിപ്പിന് ഉപഗ്രഹങ്ങളും ബഹിരാകാശ ടെലസ്കോപ്പുകളും ചന്ദ്രനില്‍ കോളനിയുണ്ടാക്കുവാന് ആളുകളെയും സാമഗ്രികളും എത്തിക്കുവാന്‍ സാധിക്കും. ഭൂമിയിലെ യാത്രയ്ക്ക് ഉപയോഘിക്കുവാനും സ്റ്റാര്‍ഷിപ്പിന് സാധിക്കും. ഒരു മണിക്കൂറിനുള്ളില്‍ ലോകത്ത് എവിടെയും ഇത് ഉപയോഗിച്ച് എത്തി ചേരുവാന്‍ സാധിക്കും.
മീഥെയ്ന്‍ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റിന് ചൊവ്വയിലും മറ്റും ലഭിക്കുന്ന മീഥെയ്നും ഉപയോഗിക്കുവാന്‍ സാധിക്കും. സ്റ്റാര്‍ഷിപ്പിന് ഊര്‍ജ്ജം നല്‍കുന്നത് റാപ്റ്ററുകള്‍ എന്നറിയപ്പെടുന്ന എന്‍ജിനുകളാണ്. ഇത്തരം 33 എന്‍ജിനുകളാണ് റോക്കറ്റില്‍ സജീകരിച്ചിരിക്കുന്നത്. അതേസമയം പേടകത്തില്‍ മൂന്ന് റാപ്റ്റര്‍ എന്‍ജിനുകളും മൂന്ന് റാപ്റ്റര്‍ വാക്വം എന്‍ജിനുകളുമുണ്ട്.