മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തിലെ ഉന്നത സ്ഥാനത്തുള്ള ആര്‍ക്കും ഒരു അറിയിപ്പ് പോലും നല്‍കാതെയാണ് കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലേക്ക് ഓടിച്ചത്. എന്നാല്‍ കേരളത്തില്‍ വന്ദേഭാരത് എത്തിയതോടെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കമായി. ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ബിജെപി നടത്തിയ നീക്കത്തില്‍ പതറിപ്പോയ ഇരുമുന്നണികള്‍ക്കും വന്ദേഭാരതിന്റെ വരവ് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.
എന്നാല്‍ പ്രതിരോധിക്കുവാന്‍ ഇടത് വലത് മുന്നണികള്‍ മുന്നോട്ട് വയ്ക്കുന്ന ന്യായികരണമാകട്ടെ വേഗത പോര, സില്‍വര്‍ലൈനാണെങ്കില്‍ ഇതിലും മികച്ചതാണെന്നാണ്. അതേസമയം കേരളത്തിന്റെ വികനത്തിന് വന്ദേഭാരത് നല്‍കുവാന്‍ പോകുന്ന പങ്ക് തീരെ ചെറുതല്ല താനും. കേരളത്തിലെ യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഒരുക്കുവാന്‍ സാധിക്കും എന്നതാണ് വന്ദേഭാരതിന്റെ ഗുണം.
വന്ദേഭാരത് ഇന്ത്യന്‍ എന്‍ജിനീയറിങ്ങിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കാലങ്ങളായി രാഷ്ട്രീയ കുരുക്കുകളില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ എന്‍ജിനീയറിങ്ങിന് ഒരു ദിശബോധവും ലക്ഷ്യവും പകര്‍ന്ന് നല്‍കുവാന്‍ വന്ദേഭാരതിന്റെ വരവോടെ രാജ്യത്തിന് സാധിച്ചു. വേഗത മാത്രം മുന്നില്‍ കണ്ടല്ല ഇന്ത്യന്‍ റെയില്‍ വേ എഞ്ചിനീയറായ സുധാംശു മണിയും സംഘവും വന്ദേഭാരത് നിര്‍മിച്ചത്. മറിച്ച് സുരക്ഷയും യാത്ര സുഖവും മുന്നില്‍ കണ്ടാണ്.
മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി മുഴുവനായും ഇന്ത്യയില്‍ നിര്‍മിച്ചുവെന്നതാണ് വന്ദേഭാരതിന്റെ മറ്റൊരു സവിശേഷത. സാങ്കേതികമായി വലിയ മുന്നേറ്റമാണ് ഇന്ത്യ വന്ദേഭാരതിലൂടെ നേടിയിരിക്കുന്നത്. സാധാരണ ട്രെയിന്‍ ചലിപ്പിക്കുന്നത് ഒരു ലോക്കോമോട്ടീവ് ആയിരിക്കും. ഇത്തരം ലോക്കോമോട്ടീവ് എഞ്ചിനുകള്‍ ഉപയോഗിച്ചുള്ള ട്രെയിലില്‍ ലോക്കോമോട്ടീവ് തകരാറിലായാല്‍ മറ്റൊരെണ്ണം കൊണ്ടുവരണം പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ എന്നാല്‍ വന്ദേഭാരതില്‍ ഇതിന്റെ ആവശ്യമില്ല.
വന്ദേഭാരതില്‍ ഒരു സംവിധാനത്തിന് എന്തെങ്കിലും തകരാര്‍ സംഭവച്ചാല്‍ സമാനമായ ഒരു ബദല്‍ സംവിധാനം അതിന്റെ പ്രവര്‍ത്തനം സ്വയം ഏറ്റെടുക്കും. ഉദാഹരണത്തിന് മിക്ക സിസ്റ്റത്തിലും ഒന്നില്‍ കൂടുതല്‍ പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. വന്ദേഭാരതിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന കമ്പ്യൂട്ടറിന് മൂന്ന് പകരം കമ്പ്യൂട്ടറുകള്‍ കൂടി സജ്ജീകരിച്ചിരിക്കുന്നു. ഇത് ഉള്‍പ്പെടെ ട്രെയിനില് 126 കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു.
വന്ദേഭാരതില്‍ അപായ ചങ്ങല വലിക്കുവാന്‍ സാധിക്കില്ല, പകരം എമര്‍ജന്‍സി പുഷ് ടു ടോക്ക് സിസ്റ്റംമാണ് ഒരുക്കിയിരിക്കുന്നത്. ബട്ടണ്‍ അമര്‍ത്തിയാല്‍ തൊട്ട് അടുത്ത ക്യാമറ യാത്രക്കാരനെ ഫോക്കസ് ചെയ്യും. തുടര്‍ന്ന് യാത്രക്കാരന് ഉദ്യോഗസ്ഥരുമായി സംസാരിക്കുവാന്‍ സാധിക്കും. ട്രെയിന്‍ നിര്‍ത്തേണ്ട സാഹചര്യമാണെങ്കില്‍ മാത്രം നിര്‍ത്തിയാല്‍ മതി. പജ്യത്തില്‍ നിന്നും 160 കിലോമീറ്റര്‍ സ്പീഡിലെത്താന്‍ വന്ദേഭാരതിന് വേണ്ടത് 140 സെക്കന്റാണ്.
9,000 എച്ച് പി കരുത്തുള്ള വന്ദേഭാരതില്‍ 32 ട്രാക്റ്റര്‍ മോട്ടോറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. എത്ര തന്നെ കുത്തനെയുള്ള കയറ്റമായാലും കയറി പോകുവാന്‍ ഇതിന് സാധിക്കും. അതുപോലെ തന്നെ ഡോര്‍ അടയ്ക്കാതെ ട്രെയിനിന് മുന്നോട്ട് പോകുവാന്‍ സാധിക്കില്ല.