വീട്ടിൽ ഉപയോഗിക്കുന്ന പത്ത് ഉപകരണങ്ങൾ ഒരു ഒറ്റ ഉപകരണത്തിൽ ചേർത്ത് ശ്രദ്ധ നേടുകയാണ് കോതമംഗലം സ്വദേശി ജോസഫ്. ഇതിനിടയിൽ ദേശീയ ഇന്നവേഷൻ അവാർഡും ജോസഫിനെ തേടിയെത്തി. എംജി സർവകലാശാല കേരളത്തിലെ മികച്ച അഞ്ച് ഗവേഷകരെ ആദരിച്ചിരുന്നു. ഇതിൽ ഇടം നേടുവാനും ജോസഫിന് സാധിച്ചു. ചടങ്ങിൽ വീട്ടമ്മമാരെ സഹായിക്കുവാൻ എന്തെങ്കിലും കണ്ടെത്തുവാൻ സ്റ്റാർട്ട് അപ് സിഇഒ അനൂപ് അംബിക ജോസഫിനോട് ചോദിച്ചു.
ഇതാണ് ജോസഫിനെ പുതിയ കണ്ടുപിടുത്തത്തിൽ എത്തിച്ചത്. തേങ്ങ പൊതിക്കുവനാണ് പലപ്പോഴുംവീട്ടമ്മമാർ കഷ്ടപ്പെടുന്നത്. എന്നാൽ ജോസഫ് നിർമിച്ച ഈ യന്ത്രത്തിൽ ഈ ജോലി വളരെ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കും. സാധാരണ ലിവർ വലിച്ച് തേങ്ങ പൊതിക്കുമ്പോൾ ഈ യന്ത്രത്തിൽ രണ്ട് കൈകളും ഉപയോഗിച്ച് തേങ്ങവളരെ എളുപ്പത്തിൽ പൊതിക്കുവാൻ സാധിക്കും. ചൈനക്കാർക്ക് പോലും നിർമിക്കുവാൻ സാധിച്ചിട്ടില്ലത്ത വസ്തുവാണ് തേങ്ങ ഉടയ്ക്കുന്ന യന്ത്രം.
എന്നാൽ ഇതും ജോസഫിന്റെ യത്രത്തിൽ വളരെ എളുപ്പത്തിൽ സാധിക്കും. തേങ്ങാ ചിരകാം, തേങ്ങ പാൽ എടുക്കാം, ഇടിയപ്പം നിർമിക്കാം, പച്ചക്കറി അരിയാം, ഉപ്പേരി വറുക്കുന്ന പാകത്തിന് കായ് അരിയാം ഒപ്പം ചപ്പാത്തിയും പരത്താം. ജോസഫ് ഈ യന്ത്രം പല വീട്ടുകാർക്കും നിർമിച്ച് നൽകുന്നുണ്ട്. തേങ്ങ പൊതിക്കൽ, ഉടയ്ക്കൽ ചിരകൽ, പാൽ പിഴിയൽ, ഇടിയപ്പം ഉണ്ടാക്കൽ എന്നീ 5 ഉപയോഗങ്ങൾ ചേർത്ത് ഉപകരണം വൈകാതെ മാർക്കറ്റിലിറങ്ങും. യന്ത്രത്തിന്റെ പേറ്റന്റിന് ജോസഫ് അപേക്ഷിച്ചിരിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കുള്ള 61 ഉപകരണങ്ങൾ ഇതിനകം ജോസഫ് നിർമിച്ചിട്ടുണ്ട്.