ഐശ്വര്യത്തിന്റെ പ്രതീകമായ വിഷുവിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് കണിക്കൊന്ന. വേനൽക്കാല വസന്തത്തിന്റെ പ്രതീകമായ കണിക്കൊന്ന പൂവില്ലാതെ ഒരു വിഷുക്കണി ഒരുക്കൽ ഒരിക്കലും സാധ്യമാവില്ല. വിഷുക്കണിക്ക് കണിക്കൊന്ന പൂവിന്റെ പ്രാധാന്യം പ്രസ്താാവിക്കുന്ന ഐതിഹ്യങ്ങൾ ധാരാളമുണ്ട്.
അതിൽ ഒന്ന്, ഒരിക്കൽ കൃഷ്ണന്റെ അമ്പലത്തിൽ ചുറ്റുമതിലിനകത്ത് ഒരു ചെറിയ കുട്ടി പെട്ടുപോയി. ക്ഷേത്രപൂജാരി അത് അറിയാതെ അമ്പലം അടച്ചു പോയി. കുട്ടി വിഷമിക്കാതിരക്കാൻ ഉണ്ണിക്കണ്ണൻ തന്നെ വന്ന് തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാൻ കൊടുത്തു.
രാവിലെ പൂജാരി ക്ഷേത്രം തുറന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ ക്ഷോഭിതനാക്കി. കൃഷ്ണഭഗവാന് അണിയിച്ചിരുന്ന ദേവാഭരണം കുട്ടിയുടെ കൈയ്യിൽ കാണുകയും കുഞ്ഞിനോട് ദേഷ്യപെടുകയും ചെയ്തു.
പേടിച്ചു പോയ ആ കുഞ്ഞ് കരഞ്ഞുകൊണ്ട് അരഞ്ഞാണം വലിച്ചെറിഞ്ഞു. അത് ചെന്ന് വീണത് തൊട്ടടുത്തുള്ള കൊന്ന മരത്തിലാണ്.
പെട്ടന്ന് ആ മരം മുഴുവനും സ്വർണ വർണത്തിലുള്ള മനോഹരമായ പൂക്കളാൽ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലിൽ നിന്നും
ഒരു അശരീരി മുഴങ്ങി ‘ഇത് എന്റെ ഭക്തന് ഞാൻ നൽകിയ നിയോഗമാണ്. ഈ പൂക്കളാൽ അലങ്കരിച്ച് എന്നെ കണികാണുമ്പോൾ എല്ലാവിധ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകും’. അതോടെ കൊന്നപ്പൂ വിഷുക്കണിയുടെ പ്രധാന ഭാഗമായി മാറി. എല്ലാക്കൊല്ലവും വിഷുക്കാലത്ത് കണിക്കൊന്ന പൂത്തുലയാറുമുണ്ട്.
എന്നാൽ കണിക്കൊന്നയും കാലവും കണക്കും ഒന്നും പരിഗണിക്കാതെ പൂക്കാൻ തുടങ്ങി. കാലാവസ്ഥ വ്യതിയാനമാണ് ഇതിന്റെ കാരണം. ഫ്ലോറിജൻ എന്ന സസ്യ ഹോർമോൺ ആണ് സസ്യങ്ങളുടെ പുഷ്പിക്കൽ പ്രക്രിയയെ നിയന്ത്രിക്കുന്നത്. ചൂടു കൂടുമ്പോൾ ഫ്ലോറിജൻ്റെ ഉൽപാദനം കൂടും. ഇപ്പോൾ ഡിസംബർ അവസാത്തോടെ ചൂടിന്റെ ആരംഭമായി. അതുകൊണ്ടു തന്നെ ചിലയിടങ്ങളിൽ ജനുവരി ആകുമ്പോഴേക്കും കണിക്കൊന്ന പൂവിട്ടു തുടങ്ങും.
ഏപ്രിലിൽ വിഷു എത്തുമ്പോഴേക്കും പൂക്കൾ കൊഴിഞ്ഞു തീർന്നിട്ടുണ്ടാവും. ഈ പ്രതിഭാസം വർഷങ്ങൾ കഴിയുന്തോറും കൂടി വരുന്നു. കാലാവസ്ഥയ്ക്കുള്ള ഈ വലിയ മാററ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് കാലം തെറ്റി പൂക്കുന്ന കൊന്ന. ഈ അവസ്ഥ നമ്മൾ ഭയക്കേണ്ട ഒന്നു തന്നെ ആണ്. വരും വർഷങ്ങളിൽ നമ്മൾ നേരിടാൻ പോകുന്ന ഭീകരമായ കാലാവസ്ഥ വ്യതിയാനത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇന്ന് വിപണിയിൽ നമ്മൾ കാണുന്ന കൃത്രിമ കൊന്ന പൂക്കൾ.