100 വയസ് പൂർത്തിയാക്കിയവരുടെ വാർത്ത പലപ്പോഴും കൗതുകത്തോടെ നാം വായിക്കാറുണ്ട്. അപ്പോൾ എല്ലാവരുടെയും മനസിൽ ഓടി എത്തുന്ന ചിന്ത ആ ഭാഗ്യം നമുക്കും ലഭിക്കുമോ എന്നാവും. എന്താണ് ഇത്രകാലം ജീവിക്കാൻ ഇവരെ സഹായിച്ചതെന്ന കാര്യം ആർക്കും അറിയില്ല. ടഫ്റ്റ്സ് മെഡിക്കൽ സെൻററും ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനും ചേർന്ന് നടത്തിയ പുതിയ പഠനം 100 വയസ് തികഞ്ഞ വരുടെ രഹസ്യതേടി ഉള്ളതായിരുന്നു.
ലോകത്തിൽ നാലര ലക്ഷം പേരാണ് 2015 ൽ 100 വയസ്സ് പൂർത്തിയാക്കിയവർ. 2050 ഓടെ ഇത് 37 ലക്ഷമായി വർധിക്കുമെന്ന് കരുതപ്പെടുന്നു.
പ്രത്യേക തരത്തിലുള്ള ഒരു പ്രതിരോധ കോശ വിന്യാസവും അനുബന്ധ പ്രവർത്തനങ്ങളും ആയുസ്സിൽ 100 വയസ്സ് തികയ്ക്കുന്നവർക്ക് കണ്ടെത്തിയതായി ഈ ഗവേഷണ റിപ്പോർട്ട് പറയുന്നു.
ഇത് വളരെ സജീവമായ പ്രതിരോധ സംവിധാനത്തെ നൽകുമെന്നും കൂടുതൽ കാലം മാരക രോഗ ബാധയില്ലാതെ ജീവിക്കാൻ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.ലാൻസെറ്റ് ഇബയോമെഡിസിനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 100 വയസ്സ് തികച്ച ഏഴു പേരുടെ രക്തസാംപിളുകൾ പഠനത്തിനായി ശേഖരിച്ചു. പ്രതിരോധ കോശങ്ങളായ പെരിഫെറൽ ബ്ലഡ് മോണോന്യൂക്ലിയർ സെല്ലുകളിൽ സിംഗിൾ സെൽ സീക്വൻസിങ്ങ് നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.
പുതിയ കംപ്യൂട്ടേഷണൽ രീതികളുപയഗിച്ച് ഏകകോശ ഡേറ്റയിൽ നിന്ന് ശരീരത്തിൽ ഉടനീളമുള്ള പ്രതിരോധ കോശങ്ങളെ വിലയിരുത്തുകയായിരുന്നു. വ്യത്യസ്ത പ്രായങ്ങളിൽ പ്രത്യേക തരം പ്രതിരോധ കോശങ്ങൾക്ക് വരുന്ന മാറ്റങ്ങളെയും ഗവേഷകർ രേഖപ്പെടുത്തി. പഠനം വെറും പ്രാഥമികം മാത്രമാണെന്നും ദീർഘായുസ്സിൻറെ രഹസ്യങ്ങളെ പൂർണമായും കണ്ടെത്താൻ.കൂടുതൽ ആഴത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു