പ്രതിസന്ധികളെ അതിജീവിച്ച് വെറും ഒരു കിലോഗ്രാം സോപ്പ് നിര്‍മിച്ച് തുടങ്ങിയ ബിസിനസില്‍ നിന്നും ഇന്ന് ഈ യുവ സംരംഭക നേടുന്നത് കോടികള്‍. പാലക്കാട് സ്വദേശിയായ അര്‍സദാണ് ഹാപ്പി ഹെര്‍ബല്‍സ് എന്ന പേരില്‍ 260 പരം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. പാലക്കാട് മുതലമടയിലാണ് ഈ യുവ സംരംഭകയുടെ സ്ഥാപനം. ഇന്ന് 10 കൂടുതല്‍ രാജ്യങ്ങളിലേക്ക് ഹാപ്പി ഹെര്‍ബല്‍സിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.
ഹെര്‍ബല്‍ കോസ്മറ്റിക് ഉല്‍പന്നങ്ങള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നി മൂന്ന് വിഭാഗങ്ങളിലാണ് അര്‍സദ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇതില്‍ പ്രധാന ഉത്പന്നം ഹെര്‍ബല്‍ സോപ്പാണ്. വളരെ പ്രത്യേകതകളുള്ള 60ല്‍ കൂടുതല്‍ ഹെര്‍ബല്‍ സോപ്പുകള്‍ ഹാപ്പി ഹെര്‍ബല്‍സ് വിപണിയില്‍ എത്തിക്കുന്നു. 68 ശതമാനം വെളിച്ചെണ്ണയിലാണ് നിര്‍മാണം. ഇതില്‍ രണ്ട് ശതമാനത്തോളം നാച്ചുറല്‍ ഓയില്‍ ചേര്‍ക്കുന്നു.
സോപ്പുകളില്‍ ക്ലേ പൗഡറുകള്‍ ഉപയോഗിക്കാറില്ല എന്നതാണ് പ്രത്യേകത. രക്തചന്ദനം, കസ്തൂരിമഞ്ഞള്‍, കറ്റാര്‍വാഴ, നാരങ്ങ, പഴങ്ങള്‍, തുളസിയില എന്നിവയുടെ പള്‍പ്പും ഉപയോഗിച്ചാണ് സോപ്പ് നിര്‍മിക്കുന്നത്. അര്‍സാദിന് ഖാദി ബോര്‍ഡില്‍ നിന്നും ലഭിച്ച പരിശീലനമാണ് വഴിത്തിരിവായത്. തുടര്‍ന്ന് ഒരു കിലോഗ്രാം സോപ്പ് നിര്‍മിച്ച് സ്വയം തുടങ്ങുകയായിരുന്നു.
ഇതിനിടെ നിരവധി പേര്‍ക്ക് സോപ്പ് നിര്‍മാണത്തിന്റെ പരിശീലനവും അര്‍സദ് നല്‍കി. രാമച്ചം ചെറുപയര്‍ പൊടി എന്നിവ ഉപയോഗിച്ച് സോപ്പ് നിര്‍മിക്കുവാന്‍ ആരംഭിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് പ്രാദേശികമായി ചെറിയ ഷോപ്പുകള്‍ കണ്ടെത്തി വില്‍പന നടത്തി വിപണി പതിയെ കണ്ടെത്തുകയായിരുന്നു. ഇന്ന് 10 രാജ്യങ്ങളിലേക്ക് സോപ്പും മറ്റുല്‍പ്പന്നങ്ങളും കയറ്റി അയക്കുന്നു. ഈ ഇനത്തില്‍ ആറ് കോടിയോളം രൂപയുടെ വരുമാനവും നേടുന്നുണ്ട് ഈ യുവ സംരംഭക.
ഫ്രാന്‍സ്, ന്യൂസീലാന്‍ഡ്, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ ഗള്‍ഫിലേക്കും കയറ്റുമതി ചെയ്യുന്നു. 30 പേര്‍ക്ക് തൊഴില്‍ നല്‍കുവാനും അര്‍സാദിന് സാധിച്ചു. ജൈവ പാക്കേജിങ്ങാണ് മറ്റൊരു പ്രത്യേകത. തുണി, പാള, ഇല, ചണം എന്നിവയാണ് പാക്കിങ്ങിനായി ഉപയോഗിക്കുന്നത്.