തിരുവനന്തപുരം. സംസ്ഥാനത്ത് വേനല്‍ അവധിക്ക് ശേഷം സ്‌കൂളുകളും കോളേജുകളും വ്യാഴാഴ്ച തുറക്കുകയാണ്. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലും കോളേജുകളിലും പോയി തുടങ്ങുമ്പോള്‍ മറ്റൊരുകൂട്ടര്‍ കൂടി കുട്ടികളെ കെണിയില്‍ വീഴ്ത്താന്‍ എത്തും. വിദ്യാര്‍ഥികളെ ഇരകളാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ലഹരി മാഫിയ. ആദ്യം സൗജന്യമായി ലഹരി നല്‍കി ലഹരിക്ക് അടിമയാക്കുന്ന കുട്ടികളെ പിന്നീട് ലഹരി കടത്തുകരായും സംഘം മാറ്റുന്നു.
സംസ്ഥാനത്ത് നിരവധി വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ ലഹരി സംഘത്തിന്റെ കെണിയില്‍പ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത് ആശങ്കയോടെ വേണം മാതാപിതാക്കള്‍ നോക്കികാണുവാന്‍. സംസ്ഥാനത്ത് നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ 1,140 സ്‌കൂളുകളില്‍ ലഹരി ഇടപാട് നടക്കുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. കോളേജുകളിലും ലഹരി ഉപയോഗം വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ കുട്ടികളെ രക്ഷിക്കുവാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ വൈകരുതെന്നാണ് അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
ആണ്‍, പെണ്‍ ഭേദമില്ലാതെയാണ് കുട്ടികള്‍ ലഹരി മാഫിയയുടെ കെണിയില്‍ വീഴുന്നത്. പല കുട്ടികളും ലൈംഗിക ചൂഷണത്തിനും ഇരയാകുന്നതായിട്ടാണ് വിവരം. ഏഴാം ക്ലാസ് മുതല്‍ ലഹരിക്കടിമയാണെന്നും 19 കൂട്ടുകാര്‍ ലഹരി ഉപയോഗിക്കുന്നതായി അറിയാമെന്നും കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രാസലഹരികള്‍ക്ക് നിറമോ മണമോ ഇല്ലാത്തതിനാല്‍ അധ്യാപകര്‍ക്കോ മാതാപിതാക്കള്‍ക്കോ കണ്ടെത്തുവാന്‍ സാധിക്കില്ല. സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ഥികളില്‍ 31.8 ശതമാനം ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ശ്രദ്ധിക്കണം കുട്ടികളുടെ ഈ മാറ്റങ്ങള്‍
- ആവശ്യത്തില്‍ കൂടുതല്‍ പണം ആവശ്യപ്പെടുക
- വീട്ടുകാരോട് സംസാരിക്കാതെ ഇരിക്കുക
- ഏറെ നേരം മുറിയടച്ചിരിക്കല്‍, വിശപ്പില്ലായ്മ
- അമിതമായ ദേഷ്യം, വിയര്‍പ്പ്
- സ്വയം ദേഹാപദ്രവം ഏല്‍പ്പിക്കുക
- വിയര്‍പ്പിനും വസ്ത്രത്തിനും അസ്വാഭാവിക ഗന്ധം
- ആത്മഹത്യ പ്രവണത ഭിത്തിയില്‍ തലയിടിപ്പിക്കുക