മലപ്പുറം. വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് മറിഞ്ഞ് 11 മരണം. മരിച്ചവരില്‍ നാല് കുട്ടികളും ഉണ്ടെന്നാണ് വിവരം. ബോട്ടില്‍ 40 ഓളം പേരുണ്ടായിരുന്നതായിട്ടാണ് വിവരം. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പെട്ട് ബോട്ട് തീരത്തടിപ്പിച്ചു. ബോട്ടില്‍ പരിശോധന നടത്തി വരുകയാണ്.
അതേസമയം 20 ഓളം പേരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെ പരപ്പനങ്ങാടി നഹാസ്, ജെഎസ് മിഷന്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടയ്ക്കല്‍, താനൂരിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെളിച്ചക്കുറവ് രക്ഷപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനായി നാനൂര്, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ,ആരോഗ്യ വിഭാഗവും നേതൃത്വം നല്‍കുന്നുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അപകടത്തില്‍ പെട്ട ബോട്ട് തലകീഴായി മറയുകയായിരുന്നു.