ലഹരിമരുന്ന് കടത്തിന്റെ വാര്‍ത്തകളാണ് കുറച്ച് നാളുകളായി നാം കേള്‍ക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചി തീരത്ത് 15000 കോടയുടെ ലഹരി എന്‍ബിസിയും നാവിക സേനയും ചേര്‍ന്ന് പിടിച്ചു ഇത് രാജ്യത്തെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ്. പാക്കിസ്ഥാനില്‍ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്ന്. ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തുവാന്‍ ശ്രമിക്കുന്നത് രാജ്യ സുരക്ഷയെതന്നെ ബാധിക്കുന്ന കാര്യമാണ്. രാജ്യത്തെ വലിയ സമ്പത്തായ യുവതലമുറയെ മയക്കുമരുന്ന് കാര്‍ന്ന് തിന്നുന്നവെന്ന പ്രശ്‌നം ഗുരുതരമാണ്.
ലോകകാരാജ്യങ്ങള്‍ നിരന്തരം യുദ്ധം ചെയ്തിട്ടും മയക്കുമരുന്ന് വ്യാപാരം നിര്‍ത്തലാക്കുവാന്‍ സാധിച്ചിട്ടില്ല. ചരിത്രകാലം മുതല്‍ക്ക് വിവിധ സംഘങ്ങള്‍ മയക്കുമരുന്ന് കടത്ത് നടത്തിവരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗോള്‍ഡന്‍ ട്രയാംഗിളിലും ഗോള്‍ഡന്‍ ക്രസന്റിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹെറോയിന്‍, ഹാഷിഷ് എന്നിവ ഇന്ത്യയിലേക്കാണ് കടത്തുന്നത്. കൂടാതെ ആഭ്യന്തരമായി മയക്കുമരുന്ന് നിര്‍മിക്കുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നു.
ഗോള്‍ഡന്‍ ക്രസന്റ്
അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍ എന്നി രാജ്യങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗോള്‍ഡന്‍ ക്രസന്റ് എന്ന് അറിയപ്പെടുന്നത്. അനധികൃത കറുപ്പ് ഉത്പാദത്തിന്റെ കേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങള്‍. ചന്ദ്രക്കലയുടെ ആകൃതിയില്‍ ഉള്ള പര്‍വതപ്രദേശങ്ങള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്നതിനാലാണ് ഈ പ്രദേശത്തെ ഇങ്ങനെ വിളിക്കുവാന്‍ കാരണം. യുഎന്‍ നടത്തിയ പഠനത്തില്‍ ഈ രാജ്യങ്ങളില്‍ കറുപ്പും ഹാഷിഷും വലിയ തോതില്‍ നിര്‍മിക്കുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു.
നിലവില്‍ അഫ്ഗാനിസ്ഥാനാണ് കറുപ്പ് ഉദ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 1991ല്‍ അഫ്ഗാനിസ്ഥാന്‍ 1782 മെട്രിക് ടണ്‍ കറുപ്പ് ഉത്പാദിപ്പിച്ചതോടെ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന മ്യാന്‍മര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. ലോകത്തിലെ ഏറ്റവും വലിയ ഹാഷിഷ് ഉത്പാദക രാജ്യവും അഫ്ഗാനിസ്ഥാന്‍ തന്നെയാണ്.
ഗോള്‍ഡന്‍ ട്രയാംഗിള്‍
ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്ന് വിളിക്കുന്നത്് തായ്‌ലാന്‍ഡ്, ലാവോസ്, മ്യാന്‍മാര്‍ എന്നി രാജ്യങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന ത്രികോണാകൃതിയിലുള്ള പ്രദേശമാണ്. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയാണ് ഈ പ്രദേശത്തെ ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്ന് വിശേഷിപ്പിച്ചത്. ഏകദേശം 3,50,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശത്തായിരുന്നു ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് ഉത്പാദിപ്പിച്ചത്. 21-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇത് ഇത്തരത്തില്‍ കടന്ന് പോയി. എന്നാല്‍ ഈ സ്ഥാനം അഫ്ഗാനിസ്ഥാന്‍ ഏറ്റെടുക്കുകായായിരുന്നു.
കറുപ്പ് ഉത്പാദനം കുറഞ്ഞതോടെ ഇവിടെത്തെ മാഫിയ സിന്തറ്റിക് ഡ്രഗ്‌സിന്റെ നിര്‍മാണത്തിലേക്ക് കടക്കുകയായിരുന്നു. യുഎന്‍ നടത്തിയ പഠനത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിന്തറ്റിക് മയക്കുമരുന്നിന്റെ നിര്‍മാണം പ്രദേശത്ത് വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. ഇത്തരത്തില്‍ നിര്‍മിക്കുന്ന മയക്കുമരുന്ന് കടത്തുന്നത് പ്രധാനമായും ഇന്ത്യയിലേക്കാണ്. 2006ന് ശേഷം ഇന്ത്യയില്‍ സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായിട്ടാണ് വിവരം.
ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വഴികള്‍
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഗോള്‍ഡന്‍ ട്രയാംഗിളിന്റെയും ഗോള്‍ഡന്‍ ക്രെസന്റിനും നടുവിലാണ് ഇന്ത്യയുടെ സ്ഥാനം എന്നതാണ്. ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുവാന്‍ ശ്രമിക്കുന്നു. പലപ്പോഴും വിദേശത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനുള്ള ഹബ്ബായും ഇവര്‍ ഇന്ത്യയെ ഉപയോഗിക്കുന്നു. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, കെനിയ, നേപ്പാള്‍, ബ്രസീല്‍, അര്‍ജന്റീന എന്നി രാജ്യങ്ങളില്‍ നിന്നെല്ലാം മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തുന്നു.
പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നു. ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി ഗോള്‍ഡന്‍ ക്രെസ്ന്റിന് സമീപത്താണ്. 1980 കളില്‍ മാള്‍വയില്‍ നിന്ന് കറാച്ചിയിലേക്ക് കറുപ്പ് കടത്തിയിരുന്നത് താര്‍ മരുഭൂമി വഴിയായിരുന്നു. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലൂടെയും കടത്ത് വ്യാപകമാണ്. കഞ്ചാവും ഹാഷിഷുമാണ് കടത്തുന്നത്.
ദേശീയ സുരക്ഷ
ലഹരിക്കടത്തില്‍ ചൈനയുടെ പങ്കും ചിലര്‍ തള്ളിക്കളയുന്നില്ല. അതേസമയം തീവ്രവാദികള്‍ ആയുധം കടത്തുവാന്‍ ഉപയോഗിക്കുന്ന അതേ പാതയിലൂടെയാണ് ലഹരിക്കടത്തും നടക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം നടന്ന അന്വേഷണത്തിലാണ് ഇതിന്റെ തെളിവ് ലഭിച്ചത്. തീവ്രാദികളും ലഹരിക്കടത്തുകാരും തമ്മിലുള്ള ബന്ധം രാജ്യത്തിന് സുരക്ഷ ഭീഷണിയാണ്. ലഹരിമരുന്ന് വ്യാപാരത്തില്‍ നിന്നും ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു വെന്നതാണ് കാരണം. കൂടാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നശിപ്പുക്കുവാനും ഇത് കാരണമാകും.
അതേസമയം ലഹരിക്കടത്തിനെതിരെ രാജ്യം സ്വീകരിക്കുന്ന നടപടികള്‍ ശക്തമാണ്. ലഹരിക്കടത്ത് തടയുവാന്‍ 1985ല്‍ ഇന്ത്യ എന്‍ഡിപിഎസ് ആക്ട് കൊണ്ടുവന്നു. വധ ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകള്‍ ഈ ആക്ടിലുണ്ട്. ലഹരിമരുന്ന് വലിയ അളവില്‍ വിപണനത്തിന് ഉപയോഗിക്കുന്നവര്‍ക്കാണ് വധശിക്ഷ പോലും കിട്ടാവുന്നത്. 2015ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഇത്തരം നിരോധിത ലഹരിമരുന്ന് കളുടെ പട്ടികയില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്ന് എപ്പോള്‍ വേണമങ്കിലും ഭേദഗതി ചെയ്യുവാന്‍ സാധിക്കും.