തിരുവനന്തപുരം. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കുന്ന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. പി എസ് സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ മറച്ച് പിടിക്കുകയും അനധികൃത പ്രോമോഷന് നല്കി ഒഴിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന വിവിധ വകുപ്പുളുടെ നീക്കം കണ്ടെത്തി നടപടി സ്വീകരിക്കുവാന്‍ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് വിജിലന്‍സ് സെല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ നീക്കം.
സര്‍ക്കാരിന്റെ തീരുമാനം സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിന് ചെറിപ്പക്കാരെ പ്രതികൂലമായി ബാധിക്കും. നിരവധി ഒഴിവുകളാണ് വര്‍ഷം തോറും ഈ സെല്‍ കണ്ടെത്തി പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ വകുപ്പിനും ആഭ്യന്തര വിജിലന്‍സ് ഉള്ളപ്പോള്‍ എന്തിനാണ് അതിന് മുകളില്‍ ഇത്തരമൊരു സംവിധാനം എന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ വൈജ്ഞാനിക ഭരണ നിര്‍വണ കമ്മിറ്റി നിര്‍ദേശിക്കുന്നു.
ഇത് സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി വൈകാതെ നല്‍കും. സെക്രട്ടറിയറ്റിലെ പേഴ്സണല്‍ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിന് കീഴിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. ഒഴിവുകള്‍ പൂഴ്ത്തി വയ്ക്കുന്നുവെന്ന ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടാല്‍ അടിയന്തരമായി പരിശോധന നടത്തി വിജിലന്‍സ് സെല്‍ പരിഹാരം കാണാറുണ്ട്. 2010ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്താണ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.