ന്യൂഡല്‍ഹി. ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ സുപ്രീംകോടതിയില്‍ അപേക്ഷ. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് അഭിഭാഷകനായ നിസാം പാഷ സുപ്രീംകോടതിയെ സമീപിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെ എം ജോസഫിനും ബി വി നാഗരത്‌നയും അടങ്ങിയ ബഞ്ചിലാണ് വിഷയം എത്തിയത്.
അതേസമയം മറ്റൊരു കേസില്‍ അപേക്ഷയായി ഈ വിഷയം പരിഗണിക്കാന്‍ ബെഞ്ച് വിസമ്മതിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. പരാതിക്കാരന് ഹൈക്കോടതിയെയോ ഉത്തരവാദിത്തപ്പെട്ട മറ്റ് സംവിധാനങ്ങളെയോ സമീപിച്ച് കൂടെയെന്ന് കോടതി ചോദിച്ചു.
അതേസമയം പരാതിക്കാരന് എങ്ങനെ ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുവാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന ചോദിച്ചു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറിന്റെ സ്‌ക്രിപ്റ്റ് കോടതി പരിശോധിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതിനകം 16 ലക്ഷം പേരാണ് ട്രെയിലര്‍ കണ്ടത്. ചിത്രത്തിന്റെ റിലീസിനെതിരെ വിശദമായ ഹര്‍ജി നല്‍കുമെന്ന് കപില്‍ സിബല്‍ അറിയിച്ചു.