തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ്ഓഫ് ചെയ്ത വന്ദേഭാരത് പ്രഖ്യാപിച്ച സമയങ്ങളില്‍ സ്റ്റേഷനുകളില്‍ എത്തുവാന്‍ സാധിക്കുന്നില്ല. കോട്ടയത്തും കണ്ണൂരിനും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലാണ് നിശ്ചിത സമയത്തിനുള്ളില്‍ വന്ദേഭാരതിന് ഓടി എത്തുവാന്‍ സാധിക്കാത്തത്. പലപ്പോഴും 20 മിനിറ്റ് വരെ വന്ദേഭാരത് വൈകുന്നതായിട്ടാണ് വിവരം.
അതേസമയം വിവിധ സ്ഥലങ്ങളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതാണ് വേഗനിയന്ത്രണത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. തിരുവന്തപുരത്തുനിന്നും രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് 6.07ന് കൊല്ലത്തെത്തും അതേസമയം തിങ്കളാഴ്ച മൂന്ന് മിനിറ്റ് താമസിച്ചാണ് ട്രെയിന്‍ കൊല്ലത്ത് എത്തിയത്. ഒപ്പം 8.17ന് എറണാകുളത്ത് എത്തേണ്ട ട്രെയിന്‍ 12 മിനിറ്റ് താമസിച്ച് 8.29നാണ് കോട്ടയത്ത് എത്തിയത്.
തൃശൂരില്‍ 9.22ന് എത്തേണ്ട ട്രെയിന്‍ 13 മിനിറ്റ് വൈകി 9.35നാണ് എത്തിയത്. തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സമയ വ്യത്യാസം 7 മിനിറ്റായി കുറഞ്ഞു. 11.03ന് കോഴിക്കോട്ട് എത്തേണ്ട വന്ദേഭാരത് 11 മിനിറ്റ് വൈകി. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ താമസം 20 മിനിറ്റ് ആയി ഉയര്‍ന്നു. എന്നാല്‍, കൃത്യസമയമായ 1.25ന് തന്നെ കാസര്‍കോട് എത്താനായെന്ന് റെയില്‍വേ വ്യക്തമാക്കി.
ഒരു റെയില്‍പാത മറ്റൊരു റെയില്‍പാതയുമായി കൂടിച്ചേരുന്ന ക്രോസ് ഓവര്‍പോയിന്റായ എറണാകുളം മെയിന്റനന്‍സ് യാര്‍ഡിനും എറണാകുളം നോര്‍ത്തിനുമിടയില്‍ എല്ലാ ട്രെയിനുകള്‍ക്കും വേഗം കുറയും. ഇവിടെ 15 കിലോമീറ്റര്‍ മാത്രമാണ് വേഗം. പ്രധാന പാതയില്‍നിന്ന് പിരിഞ്ഞു പോകുന്ന ലൂപ് ലൈന്‍ ഫ്ലാറ്റ്ഫോമുകളുള്ള ഷൊര്‍ണൂര്‍ യാര്‍ഡ് മുതലുളള ഭാഗത്തും വേഗം 15 കിലോമീറ്ററിലേയ്ക്ക് താഴും. ഇതുകൂടി കണക്കുകൂട്ടിയാണ് ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍നിന്നും അവസാനിക്കുന്ന സ്റ്റേഷനിലേയ്ക്കുള്ള റണ്ണിങ് ടൈം കണക്കുകൂട്ടുന്നത്.