ന്യൂഡല്‍ഹി. ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രശംസിച്ച് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി എറിക് ഗാര്‍സെറ്റി. അജിത് ഡോവല്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ സ്വത്താണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടിയുറച്ച ബന്ധത്തില്‍ ഗാര്‍സെറ്റി മതിപ്പ് രേഖപ്പെടുത്തി.
ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ സാധാരണ ഒരു കുടുംബത്തില്‍ ജനിച്ച് ഇന്ത്യയുടെ സുരക്ഷാ ഉപദേഷേടാവായി മാറിയ ഡോവലിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രശംസ. ഇന്ത്യക്കാര്‍ അമേരിക്കന്‍ ജനതയേയും അമേരിക്കന്‍ ജനത ഇന്ത്യക്കാരെയും വളരെ അധികം സ്നേഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും യു എസും തമ്മിലുള്ള ബന്ധം പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഒരു സാധാരണ കടക്കാരന് വരെ ഡിജിറ്റല്‍ പണമിടപാട് നടത്തുവാന്‍ സാധിക്കുന്നു. ഡിജിറ്റല്‍ പെയ്മെന്റ്സ്, ഫിനാന്‍ഷ്യല്‍ ടെക്നോളജി രംഗങ്ങളില്‍ ഇന്ത്യ നേടിയ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്ന കാര്യങ്ങള്‍ സംബന്ധിച്ച് തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ ആരംഭിച്ചു.