ആളുകളെ ഭീതിയിലാഴ്ത്തുന്ന അരിക്കൊമ്പന് അശ്വിന്റെ വീട്ടു മുറ്റത്ത് ശാന്തനായി ഉറങ്ങുകയാണ്. അശ്വിന്റെ വീട്ടിലെ അരിക്കൊമ്പനെ കാണുവാന്‍ നിരവധി പേരാണ് എത്തുന്നത്. 10 ക്ലാസ് പരിക്ഷ കഴിഞ്ഞ് തുടര്‍ പഠനത്തിനായി കാത്തിരിക്കുന്ന അശ്വിന് ഇതിനോടകം നിരവധി ശില്പങ്ങള് നിര്‍മിച്ചിട്ടുണ്ട്. ആനകളോടുള്ള സ്നേഹമാണ് അരിക്കൊമ്പന്റെ കൊച്ച് ശില്പം നിര്‍മിക്കാന്‍ അശ്വിന് പ്രേരണയായത്.
അരിക്കൊമ്പനെ മാത്രമല്ല ഈ കൊച്ച് മിടുക്കന് നിര്‍മിച്ചിട്ടുള്ളത്. പാമ്പാടി രാജനും, ആനകളെ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും മരത്തിലെ കൊത്തു പണികളും അശ്വിന് മനോഹരമായി ചെയ്യുന്നു. പൂര്‍ണ്ണമായും മണ്ണില്‍ നിര്‍മ്മിക്കുന്നതാണ് അശ്വിന്റെ ശില്പങ്ങള്. ഇതിന് മുകളില്‍ സിമന്റ് പൂശി മനോഹരമാക്കുകയും ചെയ്യുന്നു. അരിക്കൊമ്പന് തെയ്യില തോട്ടത്തില്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ഇതാണ് അരിക്കൊമ്പനെ തന്റെ വീട്ട് മുറ്റത്ത് നിര്‍മ്മിക്കുവാന്‍ അശ്വനെ പ്രേരിപ്പിച്ചത്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും വനം വകുപ്പ് പിടിച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോകുന്ന മാതൃകയും നിര്‍മിച്ചിട്ടുണ്ട്. ഒപ്പം തെര്‍മോക്കോള്‍ ഉപയോഗിച്ച് നാട്ടാനകളായ പാമ്പാടി രാജന്, തെച്ചിക്കോട്ട് രാമചന്ദ്രന്, പുതുപ്പള്ളി കേശവന്, പാമ്പാടി രാജന് എന്നിവരെയും അശ്വിന് നിര്‍മ്മിച്ചിട്ടുണ്ട്.
മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുള്ള അശ്വിന് ഇപ്പോള്‍ ചക്കക്കൊമ്പന്റെ നിര്‍മാണത്തിലാണ്. ചക്ക പറിക്കാന്‍ മരത്തില്‍ കയറുന്ന രംഗമാണ് നിര്‍മിക്കുന്നത്. കോതനല്ലൂര്‍ ഇമ്മാനുവേല്‍ സ്കുളില്‍ നിന്നും 10-ാം ക്ലാസ് പൂര്‍ത്തിയാക്കിയ അശ്വിന്. അതിരമ്പുഴ കാട്ടാത്തി സുനുല്‍ കുാര്‍ മഞ്ജുഷ ദമ്പതികളുടെ മകനാണ്.