വര്‍ദ്ധിച്ച് വരുന്ന ഭക്ഷ്യ സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഈറ്റ് റൈറ്റ് കേരള എന്ന ആപ്പ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. കേരളത്തില്‍ ഈ ആപ്പ് യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നല്ല ഭക്ഷണം കഴിക്കാന്‍ സഹായിക്കും. കേരളത്തില്‍ ഉടനീളം സുരക്ഷിതവും രുചികരവുമായി ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടുത്തിയാണ് ഈറ്റ് റൈറ്റ് കേരള പുറത്തിറക്കിയിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1700 ഹോട്ടലുകളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കൂടുതല്‍ ഹോട്ടലുകള്‍ വരും ദിവസങ്ങളില്‍ ഉള്‍ പ്പെടുത്തും. ആപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ നടക്കും. ഇതുവഴിയാണ് ഹോട്ടലുകള്‍ക്ക് റേറ്റിങ് നടത്തുക. നിലവില്‍ ഹോട്ടലുകള്‍ മാത്രമാണെങ്കിലും പിന്നീട് ബേക്കറികളും ഇറച്ചിക്കടകളും ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
ആപ്പില്‍ ഇടം നേടണമെങ്കില്‍ ജീവനക്കാര്‍ പരിശീലനം നേടുകയും ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ഉള്‍പ്പെടെ നേടുകയും ചെയ്തിരിക്കണം. 50 കൂടുതല്‍ ചോദ്യങ്ങളാണ് റേറ്റിംങ് നല്‍കനായി തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തുന്ന പരിശോധനയില്‍ 81 മുതല്‍ 100 വരെ പൊയിന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച റേറ്റിങ് ലഭിക്കും. നിലവില്‍ ഈറ്റ് റൈറ്റ് ഇന്ത്യയുടെ ഭാഗമായിട്ടാണ് കേരളത്തിലും ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം സ്ഥാപനത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ രേഖപ്പെടുത്തുവാനുള്ള സൗകര്യവും ആപ്പിലുണ്ട്.