കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഇന്ധന സെസിലെ രണ്ട് രൂപയുടെ വര്‍ധന വില്പനയില് വന്‍ ഇടിവിന് കാരണമായതായി വിവരം. സംസ്ഥാനത്ത് ഇലട്രിക് വാഹനങ്ങള്‍ കൂടിയതും സ്വകാര്യ വാഹനങ്ങള്‍ ഇന്ധന ഉപയോഗം കുറച്ചതും വലിയ വാഹനങ്ങള്‍ അന്യ സംസ്ഥാനത്ത് നിന്നും ഇന്ധനം നിറയ്ക്കുവാന്‍ ആരംഭിച്ചതുമാണ് വരുമാനത്തകര്‍ച്ചയിലേക്ക് നയിച്ചത്.
സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് നടത്തിയ പദ്ധതി വില്പന ഇടിഞ്ഞതോടെ നികുതിയില്‍ സര്‍ക്കാരിന് നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലാണ് സാമൂഹിക സുരക്ഷാ സെസ് എന്ന പേരില്‍ രണ്ട് രൂപ വീതം പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ പെട്രോളിന് സംസ്ഥാനത്ത് വില കൂടി. ഈ ഏപ്രില്‍ മാസത്തില്‍ 21.21 കോടി ലീറ്റര്‍ പെട്രോള്‍ സംസ്ഥാനത്ത് വില്പന നടത്തിയപ്പോള്‍ ഏപ്രില്‍ മാസത്തില്‍ അത് 19.73 കോടി ലിറ്ററായി താഴ്ന്നു.
അതേസമയം ഡീസല്‍ മാര്‍ച്ച് മാസത്തില്‍ 26.66 കോടി ലീറ്റര്‍ വിറ്റെങ്കിലും ഏപ്രില്‍ മാസത്തില്‍ 20.28 കോടിയായി കുറയുകയായിരുന്നു. വില്‍പ്പന കുറഞ്ഞത് വഴി മാര്‍ച്ച് ഏപ്രില്‍ മാസത്തിലെ നികുതി വരുമാനത്തിലെ വിത്യാസം 150 കോടിയോളമാണ്. കോവിഡ് കാലത്ത് മാത്രമാണ് മുമ്പ് ഇന്ധന വില്പന കുറഞ്ഞിട്ടുള്ളത്. എന്നാല്‍ സെസ് ഏര്‍പ്പെടുത്തയതോടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും സംസ്ഥാനത്തിന് പുറത്തേക്ക് ഇന്ധനം നിറയ്ക്കുവാന്‍ പോകുന്നത് പതിവാക്കി. കെ എസ് ആര് ടി സി ഉള്‍പ്പെടെ ഈ രീതിയിലാണ് ഇന്ധനം നിറയ്ക്കുന്നത്.