കേരളത്തില്‍ ദേശീയപാത 66 ആറ് വരിപാതയാകുന്നതോടെ തുറക്കുന്നത് 11 ടോള്‍ ബൂത്തുകള്‍. ദേശീയ പാതയില്‍ ഓറോ 50 മുതല്‍ 60 വരെ കിലോമീറ്ററുകളുടെ ഇടയില്‍ ഓരോ ടോള്‍ പ്ലാസകള്‍ വീതം ഉണ്ടാകും. 2025ഓടെ കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂര്‍ണമായും തുറക്കുമെന്നാണ് ദേശിയപാതാ അധികൃതര്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ദേശീയ പാത 66ന്റെ നീളം 646 കിലോമീറ്ററാണ്.
ടോള്‍ പിരിവിലൂടെ നിര്‍മാണ ചെലവ് തിരിച്ചുകിട്ടിയാല്‍ ടോള്‍ നിരക്ക് 40 ശതമാനം കുറയ്ക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ ഉണ്ടാകും. മറ്റ് ജില്ലകളില്‍ ഓരോന്ന് വീതവും പ്രവര്‍ത്തിക്കും. എട്ട് റീച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പണി നടക്കുന്ന റീച്ചുകളില്‍ ഏകദേശം 41000 കോടിയാണ് നിര്‍മാണ ചെലവ്. 20 റീച്ചുകളായിട്ടാണ് നിര്‍മാണം നടക്കുന്നത്.
ദേശീയ പാതയിലെ ഏക കോണ്‍ക്രീറ്റ് റോഡ് വരുന്ന മൂക്കോല- കാരോട് റീച്ചും കഴിഞ്ഞ മാസം തുറന്നിരുന്നു. അരൂര്‍ മുതല്‍ തുറവൂര്‍വരെ റീച്ചില്‍ 12.75 കിലോമീറ്റര്‍ വരുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ ആകാശപാതയും വരും.