പാളിപ്പോയ രണ്ടാം ചന്ദ്രദൗത്യത്തിന്റെ വീഴ്ചകള്‍ പരിഹരിച്ച് മൂന്നാം ചന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ജൂലായ് 13നാണ് ഇന്ത്യയുടെ സ്വപ്‌നങ്ങളും പേറി മൂന്നാം ചന്ദ്രദൗത്യം ആരംഭിക്കുക. ആദ്യ ചന്ദ്രദൗത്യം 2008ലും രണ്ടാമത്തേത് 2019ലുമായിരുന്നു. എന്നാല്‍ രണ്ടാം ചന്ദ്രദൗത്യത്തിലെ പ്രധാന ഘട്ടമായിരുന്ന ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുവാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇന്ത്യ മൂന്നാം ചന്ദ്രദൗത്യത്തിന് തയ്യാറെടുത്തിരിക്കുന്നത്.
ചന്ദ്രനില്‍ മനുഷ്യന്റെ അധിനിവേശസാധ്യതകള്‍ തേടുവാനും പ്രപഞ്ചോല്‍പത്തിയുടെ രഹസ്യങ്ങള്‍ അറിയുവാനുമാണ് ഇന്ത്യ മൂന്നാം ചന്ദ്രദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതും ഗുരുത്വാകര്‍ഷണവും ചന്ദ്രനില്‍ പേടകത്തെ ഇറക്കുക കഠിനമാക്കുന്നതാണ്. ഇവിടെയാണ് കഴിഞ്ഞ പ്രാവശ്യം പരാജയം സംഭവിച്ചതും.
വിവിധ രാജ്യങ്ങള്‍ 33 ലാന്‍ഡര്‍ ദൗത്യങ്ങള്‍ ചന്ദ്രനിലേക്ക് നടത്തിയിട്ടുണ്ട്. ഇതില്‍ 16 എണ്ണം മാത്രമാണ് വിജയിച്ചത്. ചന്ദ്രനിലേക്ക് 11 ദൗത്യങ്ങള്‍ നടത്തിയ ശേഷമാണ് ആദ്യ ലാന്‍ഡറായ ലൂണ 9നെ റഷ്യയ്ക്ക് വിജയകരമായി ഇറക്കുവാന്‍ സാധിച്ചത്. ചന്ദ്രദൗത്യത്തിനുള്ള റോക്കറ്റുകള്‍ മുതല്‍ സോഫ്ട് വെയര്‍ വരെ നിര്‍മിക്കുന്നത് തിരുവനന്തപുരത്തുള്ള വിവിധ ഐ എസ് ആര്‍ ഒ യൂണിറ്റുകളാണ്. ദൗത്യം വിജയിക്കുന്നതോടെ ഇന്ത്യ ചന്ദ്രനില്‍ പേടക മിറക്കുന്ന നാലാമത്തെ രാജ്യമാകും. ഇതിന് മുമ്പ് റഷ്യയും അമേരിക്കയും യൂറോപ്പും മാത്രമാണ് ചന്ദ്രനില്‍ പേടകം വിജയകരമായി ഇറക്കിയിട്ടുള്ളത്.
ജി എസ് എല്‍ വി റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിക്കുന്ന പേടകം ആറ് ദിവസത്തെ സഞ്ചാരത്തിന് ശേഷമായിരിക്കും ചന്ദ്രനില്‍ എത്തുക. ചന്ദ്രനില്‍ എത്തുന്ന പേടകം വിവിധ ഘട്ടങ്ങളിലൂടെ ഭ്രമണപഥത്തിന്റെ വലിപ്പം കുറച്ച് കൊണ്ട് 45 ദിവസം കൊണ്ട് ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ മുകളിലെത്തും. തുടര്‍ന്ന് പേടകത്തില്‍ നിന്നും വേര്‍പ്പെടുന്ന ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും.