പിറന്നാളിനും പ്രണയത്തിനും ജീവിതത്തിലെ മറ്റ് എല്ലാ സന്തോഷങ്ങള്‍ക്കും ചോക്ലേറ്റ് സമ്മാനിക്കുന്നവരാണ് നാം എല്ലാവരും. ചോക്ലേറ്റിനായി വാശിപിടിക്കുന്ന കുട്ടികളും ഓരോ സന്തോഷത്തിലും ഒരു നുള്ള് ചോക്ലേറ്റെങ്കിലും സമ്മാനിക്കണമെന്ന് നമ്മളോട് ടെലിവിഷനിലെ പരസ്യങ്ങളും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ എത്ര പേര്‍ക്ക് അറിയാം ചോക്ലേറ്റിന്റെ നീറുന്ന ചരിത്രം. ചരിത്രത്തില്‍ ചോക്ലേറ്റ് ആദിവാസിയുടെ ഭക്ഷണമായിരുന്നു. എന്നാല്‍ കാലം പിന്നിട്ടതോടെ അത് മധ്യവര്‍ഗത്തിന്റെയും കുലീനരുടെയും ബ്രാന്‍ഡായി മാറി.
ചോക്ലേറ്റ് ഡേയും ആഘോഷങ്ങളും എല്ലാം നടക്കുമ്പോഴും അത്രയൊന്നും നല്ലകാലമല്ല ചോക്ലേറ്റ് കൃഷിയിടങ്ങളില്‍ ജോലിചെയ്യുന്ന സാധാരണക്കാരന്റേത്. കൊക്കോ കൃഷിക്കായി വനങ്ങള്‍ വെട്ടിത്തെളിച്ച് പ്രകൃതിക്കുണ്ടാക്കുന്ന നാശ നഷ്ടങ്ങളും ചെറുതല്ല. ഘാനയിലും ഐവറി കോസ്റ്റിലും ഏതാണ്ട് 23 ലക്ഷം ഹെക്ടര്‍ മഴക്കാടുകളാണ് കൊക്കോ കൃഷിയുടെ പേരില്‍ വെട്ടി നശിപ്പിക്കപ്പെട്ടത്.
ലോകം ചോക്ലേറ്റിന്റെ മധുരത്തില്‍ രമിക്കുമ്പോഴും ആഫ്രിക്കയില്‍ കൊക്കോ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ ഓര്‍മ്മകള്‍ കണ്ണു നനയിക്കുന്നതാണ്. വിവിധ സംഘടനകളുടെ കണക്കില്‍ നിരവധി ആഫ്രിക്കന്‍ കൊക്കോ തോട്ടങ്ങളില്‍ അടിമ ജീവിതം നയിക്കുന്ന കുട്ടികളുടെ എണ്ണം 21 ലക്ഷത്തിന് മുകളിലാണ്. ഈ കുട്ടികളാണ് കൊക്കോ കായ്കള്‍ പരിപാലിക്കുന്നതും പറിക്കുന്നതും മരുന്നടിക്കുന്നതും പറിച്ച കൊക്കോ കായ്കള്‍ വിതരണ കേന്ദ്രത്തില്‍ എത്തിക്കുന്നതും.
അതേസമയം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഭീതി പടര്‍ത്തുന്നത് തന്നെയാണ് കുട്ടികളെ തട്ടിക്കൊണ്ട് വന്ന് കൊക്കോ തോട്ടങ്ങളില്‍ വില്‍ക്കുന്ന സംഘങ്ങള്‍ തന്നെ പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നു. ബുര്‍കിന ഫാസോ, ടോഗോ, മാലി എന്നി രാജ്യങ്ങളില്‍ നിന്നുമാണ് മാപിയകള് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത്. ലോകത്തിന് ആഘോഷിക്കുവാനും മധുരം നുണയുവാനും കൊക്കോ തോട്ടങ്ങളില്‍ രാപ്പകല്‍ ജോലി ചെയ്യുന്ന കുട്ടികള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ചോക്ലേറ്റിന്റെ മധുരം അനുഭവിച്ചിട്ടില്ലെന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.
ലോകത്ത് വര്‍ഷത്തില്‍ 4500 കോടി ഡോളറിന്റെ ചോക്ലേറ്റ് വില്പന നടക്കുന്നതായിട്ടാണ് വിവരം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വില്പന 6200 കോടി ഡോളറിന്റെ താകുമെന്നാണ് വിവരം. അതായത് ഇന്ത്യന്‍ കണക്കില്‍ ഏകദേശം 3.7 ലക്ഷം കോടിയുടെ വില്പന. ഇത് അടുത്ത അഞ്ച് വര്‍ഷത്തില്‍ 5.1 കോടി രൂപയുടെതായി ഉയരും.