കേരളത്തിന്റെ രുചിപ്പെരുമ പോര്‍ച്ചുഗീസുകാര്‍ക്കിടയില്‍ വിളമ്പുകയാണ് തൃശൂര്‍ ഇരങ്ങാലക്കുട സ്വദേശിയായ വിജീഷ്. 2010 ലാണ് വിജീഷ് പോര്‍ച്ചുഗലിലെത്തുന്നത്. അന്ന് കേരളത്ത വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകള്‍ തപ്പിനടന്ന വിജീഷിന് നിരാശയായിരുന്നു ഫലം. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകള്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് എന്ത് കൊണ്ട് തനിക്ക് ഒരു കേരള റെസ്‌റ്റോറന്റ് തുടങ്ങിക്കൂട എന്ന ചിന്ത വിജീഷിലേക്ക് എത്തുന്നത്.
ഒടുവില്‍ 2018-ല്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലാണ് വിജേഷ് കേരള റെസ്‌റ്റോറന്റ് ആരംഭിക്കുന്നത്. വളരെ വ്യത്യസ്തമായ രുചികളും സംസ്‌കാരവും ഭാഷയും എല്ലാം നിറഞ്ഞ പോര്‍ച്ചുഗലില്‍ വിജിഷിന്റെ കേരള റെസ്‌റ്റോറന്റ് ഇന്ന് കാണുന്ന നിലയിലെത്തിയത് വലിയ വെല്ലുവിളികളെ അതിജീവിച്ചാണ്. ഇന്ത്യയിലും വിദേശത്തും നിരവധി ഹോട്ടലുകളില്‍ ഷെഫ് ആയി ജോലിചെയ്ത അനുഭവ സമ്പത്താണ് പോര്‍ച്ചുഗലില്‍ പരീക്ഷിക്കുവാന്‍ വിജിഷിനെ പ്രേരിപ്പിച്ചത്.
കേരള തനിമയുള്ള രൂചികൂട്ടുകള്‍ പോര്‍ച്ചുഗല്‍ ജനത വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളത്തിന്റെ തനത് രുചികളായ പിടിയും കോഴിയും ചെമ്മീന്‍ തീയലും വഴുതനങ്ങാ തീയലുമൊക്കെ പോര്‍ച്ചുഗലുകാരുടെ നാവിന് ആസ്വാദ്യകരമായതോടെ വിജീഷിന് പിന്തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. വിജിഷിനൊപ്പം ഭാര്യയും റെസ്റ്റോറന്റില്‍ സജീവമാണ്. പോര്‍ച്ചുഗല്‍ സര്‍ക്കാരിനായി യൂറോപ്യന്‍ യൂണിയനില്‍ ഫുള്‍സ്റ്റാക്ക് ഡവലപ്പറായി ജോലി ചെയ്യുകയാണ് ഭാര്യ റിനീഷ.
റിനീഷ റെസ്‌റ്റോറന്റിന്റെ പബ്ലിസിറ്റി ജോലിയാണ് നിര്‍വഹിക്കുന്നത്. റെസ്‌റ്റോറന്റ് കൂടുതല്‍ വലുതാകുന്നതിനൊപ്പം പുതിയ സംരംഭങ്ങളും തുടങ്ങുവാന്‍ ഒരുങ്ങുകയാണ് ഈ ദമ്പതികള്‍. നിരവധി പേരാണ് കേരള രുചികള്‍ തേടി ഇന്ന് ഇവരുടെ കേരള റെസ്റ്റോറന്റില്‍ എത്തുന്നത്.