ജനമനസ്സുകളെ ജയിക്കുന്നവനാണ് ജനാധിപത്യത്തിലെ വിജയി, എന്നാൽ എത് കാലം ജനഹിതം തേടിയാലും ജനമനസ്സുകളിൽ ഒരു ഉത്തരം മാത്രമാണ് ഉദിക്കുന്നതെങ്കിലോ അയാളെ നമുക്ക് ജനമനസ്സുകളിലെ ഏകാധിപതി എന്ന് വിശേഷിപ്പിക്കാം. അങ്ങനെ ചുരുക്കം ചില നേതാക്കളെ കേരളം കണ്ടിട്ടുള്ള അത്തരത്തിൽ ഒരു നേതാവാണ് ഉമ്മൻ ചാണ്ടി. ആമുഖങ്ങൾ അപ്രസക്തമാവും വിധം കേരള രാഷ്ട്രീയത്തിൽ പകരക്കാരനില്ലാത്ത നേതാവ്.
ജനകീയതയുടെ പര്യായമായി രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന എളിമയാർന്ന വ്യക്തിപ്രഭാവം. രാജ്യത്തെ നിയമനിർമാണ ചരിത്രത്തിലെ ഒരു അപൂർവ നേട്ടവും സ്വന്തമാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കേരള നിയമസഭയിൽ എം.എൽ.എയായി 50 വർഷം തികയ്ക്കുകവാനും, ആ ചരിത്രം തന്റെ പേരിൽ കുറിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോൺഗ്രസ് നേതാവ് കൂടിയാണ് അദ്ദേഹം.1970 ൽ പുതുപ്പള്ളിയിൽ നിന്നും നിയമസഭയിൽ എത്തിയ ഉമ്മൻ ചാണ്ടി തോൽവി അറിയാതെ ജൈത്രയാത്ര തുടങ്ങിയത്.
1943 ഒക്ടോബർ 31 ന് കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ പരേതനായ കെ ഒ ചാണ്ടിയുടെയും ബേബിയുടെയും മകനാണ്. പുതുപ്പളളി എം ഡി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലും ശേഷം കോട്ടയം സി എം എസ് കോളേജിലും പഠിച്ചു. ചങ്ങനാശ്ശേരി സെന്റ് ബെർമൻസ് കോളേജിൽ നിന്നും ബി.എ ബിരുദവും എറണാകുളം ലോ കോളേജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി.
ഇരുപത്തിയേഴാം വയസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മൻ ചാണ്ടി ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് വലിയൊരു പിളർപ്പ് നേരിട്ട് നിൽക്കുന്ന സമയം. പുതുപ്പള്ളിയാകട്ടെ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റും. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം ഉമ്മൻചാണ്ടിയെ ധരിപ്പിച്ചത്. എന്നാൽ നേതൃത്വത്തിന്റെ കണക്കു കൂട്ടലുകളെ തിരുത്തിക്കുറിച്ച് സിറ്റിങ് എം.എൽ.എ ഇ.എം.ജോർജിനെ പരാജയപ്പെടുത്തി ഉമ്മൻ ചാണ്ടി വിജയക്കൊടി നാട്ടി.
1970 ന് ശേഷം നടന്ന 1977, 80, 82, 87, 91,96, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിലും ഉമ്മൻചാണ്ടി വിജയ യാത്ര തുടർന്നു. തുടർച്ചയായി 11 തവണ. 2011 ൽ സുജ സൂസൻ ജോർജിനെ 33255 പരാജയപ്പെടുത്തിയതാണ് ഉമ്മൻ ചാണ്ടിയുടെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. 1970 ൽ നേടിയതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 7283ഉം.
1977 ൽ 111 സീറ്റ് നേടി അധികാരത്തിൽ വന്ന കെ.കരുണാകരൻ സർക്കാരിൽ ഉമ്മൻ ചാണ്ടി തൊഴിൽ മന്ത്രിയായി. പിന്നീട് പല മന്ത്രിസഭകളിൽ ആഭ്യന്തര, ധന, തൊഴിൽ വകുപ്പുകളുടെ ചുമതല വഹിച്ചു. 2004 ൽ മുഖ്യമന്ത്രിയായി. 2006-11 കാലത്ത് പ്രതിപക്ഷ നേതാവായി. 2011-16 കാലത്ത് വീണ്ടും മുഖ്യമന്ത്രിയായി.
ബാല ജനസഖ്യത്തിലുടെ സംഘടന പ്രവർത്തന രംഗത്തേക്ക് കടന്നുവന്ന് കെ.എസ്. യുവിലുടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്ന ഉമ്മൻ ചാണ്ടി എന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്ന വ്യക്തിയാണ്. കെ.എസ്. യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എം.എൽ.എ, യു.ഡി.എഫ് കൺവീനർ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നി നിലകളിൽ പ്രവർത്തിച്ച അദ്ദേഹം എല്ലാ മേഖലയിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്താണ് വിടപറയുന്നത്.
ഇളകിയാടുന്ന തലമുടിയുമായി രാഷ്ട്രീയ കേരളത്തിൽ ജ്വലിച്ചുനിന്ന ഉമ്മൻചാണ്ടിയുടെ വളർച്ച പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു. അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട ചാണ്ടി പിന്നീട് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനോടുള്ള അതൃപ്തിമൂലം ധനമന്ത്രി കസേരയും വലിച്ചെറിഞ്ഞിട്ടുണ്ട്. എം.എ.കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോഴായിരുന്നു ഈ രാജിവയ്ക്കൽ.
1967- ൽ എ.കെ.ആന്റണി കെ.എസ്.യു സംസ്ഥാനകമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്നും വിരമിച്ചപ്പോൾ ആ പദവിയിലേക്കു നിയോഗിക്കപ്പെട്ട ഉമ്മൻചാണ്ടിയെ പിന്നീട് ആകസ്മികതകൾ പിന്തുടരുകയായിരുന്നു. കേരളത്തിന്റെ പത്തൊൻപതാം മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി എത്തിയതും ആന്റണിയുടെ പകരക്കാരനായാണ്.
1962- ൽ എ.കെ.ആന്റണി കെ.എസ്.യു പ്രസിഡന്റായിരുന്നപ്പോൾ ഉമ്മൻചാണ്ടി ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് ആന്റണി യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ ഉമ്മൻചാണ്ടി കെ.എസ്.യു പ്രസിഡന്റായി. സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പുനഃസംഘടിപ്പിക്കപ്പെട്ട കെപിസിസി സെക്രട്ടറിയായി എകെ ആന്റണി ചുമതലയേറ്റപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതും ഉമ്മൻചാണ്ടിയെ തന്നെയായിരുന്നു.
1959-60 കാലയളവിൽ പുതുപ്പള്ളി ഹൈസ്‌കൂളിലെ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ട ഉമ്മൻചാണ്ടി പിന്നീട് അതിവേഗം ബഹുദൂരം ഗമിക്കുകയായിരുന്നു. സി.എം.എസ് കോളജിൽ പ്രീഡിഗ്രിക്ക് പടിക്കുമ്പോൾ കെ.എസ്.യു. ജില്ലാ സെക്രട്ടറിയായി.
എസ്.ബി.കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായി. എ.കെ.ആന്റണി യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ ഉമ്മൻചാണ്ടി വൈസ് പ്രസിഡന്റായി. ആന്റണി കെ.പി.സി.സി. മെമ്പറായപ്പോൾ യൂത്ത് കോൺഗ്രസ്സ് ആക്ടിംഗ് പ്രസിഡന്റായി.
ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയ ഇടപെടലുകളിലെ നാഴികക്കല്ലാണ് ജനസമ്പർക്ക പരിപാടി എന്നതിൽ പക്ഷാന്തരമില്ല. വലിയൊരു ജന വിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോൾ അതൊരു പുതിയ മാതൃകയായി. ഉമ്മൻ ചാണ്ടിക്ക് യു.എൻ അംഗീകാരം വരെ നേടിക്കൊടുത്തു ഈ പരിപാടി.
ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങളെ അടുത്തുനിന്ന് കാണാനും അറിയാനുമുള്ള അവസരമായി ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടിയെ കണ്ടു. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമ്പോഴാണ് ഒരു ജനാധിപത്യ സർക്കാരിന്റെ ദൗത്യം പൂർണമാകുന്നതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. യു.ഡി.എഫ് മുന്നോട്ട് വെച്ച വികസനവും കരുതലും എന്ന മുദ്രാവാക്യത്തോട് അങ്ങേയറ്റം നീതി പുലർത്തുക എന്നതായിരുന്നു ലക്ഷ്യം.
ഒരുവശത്ത് വൻകിട വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖഛായ മാറുമ്പോൾ മറുവശത്ത് പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹം ചുവപ്പ് നാടകളിൽ കുടുങ്ങി കിടന്നു. ഈ സാങ്കേതിക കെട്ടുപാടുകൾ നീക്കി അർഹതയുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ദൗത്യം ഏറെ ശ്രമകരമായിരുന്നു. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി. ആവശ്യങ്ങളും ആവലാതികളുമായെത്തിയ ആരും നിരാശരായില്ല. 19 മണിക്കൂർ വരെ ഒരേ നിൽപ്പ് നിന്ന് അവസാന പരാതിക്കാരനെയും കേട്ട് പരിഹാരം നിർദേശിച്ച ശേഷമേ അദ്ദേഹം മടങ്ങിയിരുന്നുള്ളൂ. പരാതികളിൽ സർക്കാർ അതിവേഗത്തിൽ പ്രവർത്തിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി. ഉത്തരവുകൾ പുറപ്പെടുവിച്ചു. ഇരുൾ വീണ ഒരുപാട് പേരുടെ ജീവിത വഴികളിലെ പ്രകാശ ഗോപുരമായി ജനസമ്പർക്ക പരിപാടി മാറി.
ജനങ്ങളുടെ പ്രശ്‌നങ്ങളിൽ തീരുമാനം കൈക്കൊള്ളുമ്പോൾ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മനുഷ്യത്വപരമായ സമീപനം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. കേരള മോഡൽ വികസനത്തിന് ശേഷം ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെട്ട ഭരണ മാതൃകയായിരുന്നു ജനസമ്പർക്ക പരിപാടി. 2013 ൽ മികച്ച ജനസേവനത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരവും ഈ ജനകീയ ഇടപെടലിലൂടെ ഉമ്മൻ ചാണ്ടിയെ തേടിയെത്തി തേടിയെത്തി.