കേരളത്തിലെ കലാലയങ്ങള്‍ പതുക്കെ ആളൊഴിയുകയാണ്. പല സെല്‍ഫിനാന്‍സ് കോളേജുകളും അടച്ചു പൂട്ടി, മറ്റ് ചിലത് അടച്ചുപൂട്ടുവാന്‍ തയ്യാറെടുക്കുന്നു. വിദ്യാഭ്യാസ സമ്പന്നമാണ് കേരളം എന്ന് സര്‍ക്കാര്‍ പറയുമ്പോഴും കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ല. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമുഖ കോളേജുകളിലും എന്‍ജിനീയറിങ് കോളേജുകളിലും വലിയ തിരക്കായിരുന്നു. പലപ്പോഴും അഡ്മിഷന്‍ കിട്ടാതെ കലങ്ങിയ കണ്ണുകളുമായി കോളേജില്‍ നിന്നും പോകുന്ന വിദ്യാര്‍ഥികളെയും കാണാന്‍ കഴിയുമായിരുന്നു.
കാലം മാറിയതോടെ ഇതൊന്നും ഇന്നില്ല. പല കോളേജുകളും ആങ്ങോട്ട് സീറ്റ് ഓഫര്‍ ചെയ്തിട്ടും വിദ്യാര്‍ഥികളെ കിട്ടാനില്ലാത്ത അവസ്ഥ. പല റഗുലര്‍ കോളേജുകളിലും ഇഷ്ടം പോലെ സ്റ്റ് ബാക്കിയാകുന്നു. കേരളത്തിലെ കോളേജുകളെ വിദ്യാര്‍ഥികള്‍ ഒഴിവാക്കുന്നത് ഒരോ വര്‍ഷവും കൂടിവരുകയാണ്. കേരളത്തിലെ ഉപരിപഠനം നിലവാരം കുറഞ്ഞതാണെന്ന് മിക്ക വിദ്യാര്‍ഥികളും കരുതുന്നു. അതിനാല്‍ പ്ലസ് ടൂ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ കേരളത്തിന് വെളിയിലേക്ക് വിദ്യാഭ്യാസത്തിനായി പോകുവനാണ് ഇവര്‍ ആഗ്രഹിക്കുന്നതും.
സര്‍വകലാശാലയിലെ രാഷ്ട്രീയ അതിപ്രസരവും, വിവിധങ്ങളും പുറത്തുവരുന്ന അനധികൃത നിയമനങ്ങളും എല്ലാം വിദ്യാര്‍ഥികളുടെ മനസ്സ് മാറ്റുന്നതാണ്. ഇത്തരത്തില്‍ കേരളത്തിന് പുറത്തേക്കോ രാജ്യത്തിന് പുറത്തേക്കോ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള ജോലികളും ലഭിക്കുന്നു. പലരും പുറത്ത് വലിയ നേട്ടങ്ങള്‍ കരസ്തമാക്കുകയും ബാക്കിയുള്ള വീട്ടുകാരയും പതുക്കെ ഒപ്പം കൂട്ടുകയും ചെയ്യുന്നു. ഇത് ഒരു തരം മാസ് ട്രാന്‍സിഷന്‍ പീരിഡിലേക്കാണ് കേരളത്തെ എത്തിക്കുന്നത്. തിരിച്ചറിഞ്ഞ് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗൗരവകരമായ പല കാര്യങ്ങളും സംഭവിക്കും.
കേരളത്തിലെ കോളേജുകളില്‍ സംഭവിക്കുന്നത്
കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ ഇനി ഇവിടെ നിന്നാല്‍ നല്ലഭാവി ഉണ്ടാകില്ലെന്ന് തോന്നല്‍ യുവാക്കളില്‍ ഉണ്ടാക്കുന്നതാണ്. കുറഞ്ഞ ജോലി സാധ്യതകളും നിലവിലുള്ള അവസരങ്ങള്‍ പോലും കേരളത്തില്‍ ഒരോ വര്‍ഷവും ഇല്ലാതാകുകയാണ്. വ്യാവസായ യൂണിറ്റുകളോ സ്റ്റാര്‍ട്ടപ്പുകളോ ആരംഭിക്കുന്നവരെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ സമയവും. പലപ്പോഴും ഇതിനോടോന്നും പ്രതികരിക്കാന്‍ സാധിക്കാതെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി പോകുന്നവരെയാണ് കേരളത്തിലെ യുവാക്കള്‍ കാണുന്നത്.
ഇതെല്ലാം യുവാക്കളില്‍ കേരളത്തില്‍ ജീവിച്ചാല്‍ ഭാവി ഉണ്ടാകില്ല എന്ന തോന്നലിലേക്കാണ് എത്തിക്കുന്നത്. സത്യത്തില്‍ ഇതിനെല്ലാം ഒപ്പം നമ്മുടെ വിദ്യാഭ്യാസ രീതികളും വലിയ തകര്‍ച്ചയില്‍ തന്നെയാണ്. കേരളത്തില്‍ 10ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി പഠിച്ചുവെന്നാണ് കരുതുന്നതെങ്കില്‍ അവിടെയും തെറ്റ് സംഭവിച്ചു.
കേരളത്തില്‍ 10ക്ലാസ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഭാഷ നന്നായി കൈകാര്യം ചെയ്യുവാനുള്ള കഴിവില്ല. ഇംഗ്ലീഷ് നന്നായി അറിയാം പക്ഷേ സംസാരിക്കുവാന്‍ സാധിക്കില്ല എന്ന് പറയുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ടാകും. പലപ്പോഴും കേരളത്തില്‍ കുട്ടികളുടെ ആശയ വിനിമയ കഴിവുകള്‍ പൂജ്യമാണ്. പ്രൈമറി തലം മുതല്‍ വിദ്യാഭ്യായം ഗുരുതരമായ അനാസ്ഥകള്‍ മാത്രം നിറഞ്ഞതാണ്.