രാജ്യത്തെ അരലക്ഷത്തോളം സ്ത്രീകള്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ തുണയായ ലിജ്ജത്ത് പപ്പടത്തേക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കില്ല. 1959ല്‍ ഏഴ് ഗുജറാത്തി സ്ത്രീകള്‍ ചേര്‍ന്ന് വീട്ടിലെ ടെറസില്‍ 80 രൂപ മുതല്‍ മുടക്കില്‍ തുടങ്ങിയ കമ്പനി വളര്‍ന്ന് 1600 കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനമായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഉള്ളവര്‍ അധികം ലജ്ജത്ത് പപ്പടത്തെക്കുറിച്ച് അധികം കേട്ടിട്ടില്ല.
അതേസമയം ഉത്തരേന്ത്യയില്‍ കുറച്ച് നാളെങ്കിലും താമസിച്ചിട്ടുള്ളവര്‍ ഈ പേര് മറക്കുവാന്‍ സാധ്യത കുറവാണ്. ഏഴ് വീട്ടമ്മമാരുടെ മനസ്സില്‍ ഉപജീവനത്തിനായി തോന്നിയ ആശയമായിരുന്നു പപ്പട നിര്‍മാണം. ലിജ്ജത്ത് പപ്പടത്തിന് പിന്നിലെ ആ വീട്ടമ്മമാരാണ് ജസ്വന്തിബെന്‍ ജമ്നാദാസ് പോപറ്റ്, പാര്വതിബെന് രാംദാസ് തോഡാനി, ഉജംബെന്‍ നാരന്ദാസ് കുണ്ഡലിയ, ബാനുബെന്‍ തന, ലഗുബെന്‍ അമൃത്ലാല്‍ ഗോകാനി, ജയബെന്‍ വി വിത്താലാനി, ദിവാലിബെന്‍ എന്നിവരായിരുന്നു അവര്‍.
ഈ വീട്ടമ്മമാര്‍ക്ക് പിന്തുണയുമായി സെര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗവുമായ ഛഗന്‍ലാല്‍ കരംസി പരേഖ് ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹമാണ് വീട്ടമ്മമാര്‍ക്ക് 80 രൂപ വായ്പ ന ല്കിയത്. വീട്ടമ്മമാരുടെ പാചകത്തിലെ പ്രാവണ്യം തന്നെയാണ് പപ്പടം നിര്‍മിക്കുക എന്ന ആശയത്തിലേക്ക് അവരെ എത്തിച്ചത്. കൈകൊണ്ട് നിര്‍മിക്കാന്‍ സാധിക്കും എന്നതും വീടുകളില്‍ തന്നെ നിര്‍മിക്കാം എന്നതും പപ്പടം എന്ന മേഖലയിലേക്ക് തിരിയാന്‍ വീട്ടമ്മമാരെ പ്രേരിപ്പിച്ചു.
തുടര്‍ന്ന് ആദ്യം ഒരു കടയിലാണ് ഇവര്‍ പപ്പടം നല്‍കിയത് ആവശ്യക്കാര്‍ കൂടിയതോടെ പപ്പട നിര്‍മാണത്തിന് കൂടുതല്‍ പേരെ ചുമതലപ്പെടുത്തി. തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷം സംഘത്തില്‍ 25 പേര് എത്തി. ഇതോടെ പപ്പട നിര്‍മാണ കമ്പനി ഒരു സഹകരണ സ്ഥാപനമായി വളരുകയായിരുന്നു. ആദ്യകാലത്ത് പെണ്‍കുട്ടികള്‍ പ്രായപരിധി ഇല്ലാതെ ജോലിക്ക് എത്തിയെങ്കിലും പിന്നീട് 18 വയസ്സായി നിജപ്പെടുത്തി. ഇന്ന് കമ്പനി 6196 കോടിയുടെ വില്പനയാണ് നടത്തുന്നത്.