ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ എല്ലാം പഴങ്കഥയാക്കി അദാനി ഗ്രൂപ്പ് ഓഹരിവിപണിയില്‍ ശക്തരാകുന്നു. 2023ന്റെ തുടക്കത്തില്‍ നിക്ഷേപകര്‍ ഉപേക്ഷിച്ച അദാനിയല്ല ഇന്ന് മുന്നിലുള്ളത്. അദാനി ഗ്രൂപ്പിലെ പ്രധാന ഓഹരിയായ അദാനി എന്റര്‍പ്രൈസസിന്റെ വില 1017 രൂപ താഴ്ന്നുവെങ്കിലും വ്യാഴാഴ്ച അത് 2450 ആയി ഉയര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ അദാനിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെബിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇതൊന്നും അദാനിയെ ബാധിക്കുന്നതല്ലെന്നാണ് ഇപ്പോഴത്തെ മുന്നേറ്റം കാണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്ക് അനുസരിച്ച് 10 അദാനി ഗ്രൂപ്പുകളിലുമായി 45200 കോടിയുടെ മൂല്യമാണ് കഴിഞ്ഞ ആറുമാസത്തിനിടെ വര്‍ധിച്ചത്. അതേസമയം അദാനിയിലേക്ക് അബുദാബി നാഷണല്‍ എനര്‍ജി കമ്പനി 2.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയേക്കുമെന്ന വാര്‍ത്തകളുണ്ട്. അതേസമയം ഇരു കമ്പനികളും നിക്ഷേപം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ നിക്ഷേപം നടക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് നിക്ഷേപകരില്‍ കൂടുതല്‍ പേരും.
അദാനി ഓഹരികള്‍ തകര്‍ച്ചയുടെ വക്കില്‍ നിന്നപ്പോള്‍ നിക്ഷേപം നടത്തിയ ജി ക്യു ജി പാര്‍ട്ടേണ്‌ഴ്‌സ് ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ വീണ്ടും നിക്ഷേപം നടത്തി. അദാനി പവറിന്റെ 8.1 ശതമാനം ഓഹരി 9000 കോടി രൂപയ്ക്കാണ് അവര്‍ പ്രമോട്ടര്‍മാരില്‍ നിന്നും വാങ്ങിയത്. അദാനി ഗ്രീന്‍ എനര്‍ജിയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 2.7 ശതമാനം ഓഹരി ഓഗസ്റ്റില്‍ വാങ്ങിയിരുന്നു.