ദുബായ്. കഴിഞ്ഞ സ്വാതന്ത്ര്യദിന പുലരിയില്‍ തിരുവനന്തപുരത്ത് നിന്നും യൂറോപ്പിലെക്ക് സൈക്കിളില്‍ യാത്ര തിരിച്ച ഫായിസ് അഷ്റഫ് ഇപ്പോഴും യാത്ര തുടരുകയാണ്. കേരളത്തില്‍ നിന്നും ഗള്‍ഫ് വഴിയായിരുന്നു ഫയിസിന്റെ യാത്ര. കോഴിക്കോട് തലക്കുളത്തൂര്‍ കച്ചേരിവളപ്പില്‍ ഫായിസ് അഷ്റഫ് അലിയാണ് ലണ്ടനിലേക്ക് ഒറ്റയ്ക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നത്. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയും ദൂരം ഉണ്ടെങ്കിലും ഏഷ്യന്‍ വന്‍കരയില്‍ നിന്നും ഫയിസിന്റെ യാത്ര യൂറോപ്പിലേക്ക് കടന്നിരിക്കുകയാണ്.
നിലവില്‍ സെര്ബിയയിലൂടെയാണ് ഫയസ് യാത്ര ചെയ്യുന്നത്. ഫയസിന്റെ കൈയില്‍ വസ്ത്രങ്ങള്‍ മാത്രം നാല് ബാഗിലായി നിറച്ചിരിക്കുന്നു. ഒപ്പം കഴിക്കാന്‍ ഉണക്കിയ പഴങ്ങളും, ഒരു ബാറ്ററിയും ടെന്റ് അടിച്ച് താമസിക്കുവാനുള്ള ഉപകരണങ്ങളും ജിപിഎസ് ട്രാക്കറുമാണ് കൈവശമുള്ളത്. 35 രാജ്യങ്ങളിലൂടെ 30000 കിലോമീറ്റര്‍ സഞ്ചരിച്ച് 450 ദിവസം എടുത്താണ് യാത്ര.
ഫയസ് 2024ല്‍ ലണ്ടനില്‍ ലക്ഷ്യസ്ഥാനത്ത് എത്തും. നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍, ഇറാഖ്, ഇറാന്, അര്‍മീനിയ, ജോര്‍ജിയ, തുര്‍ക്കി, ഗ്രീസ്, മാസിഡോണിയ എന്നി രാജ്യങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സെര്‍ബിയയ്ക്ക് ശേഷം സ്ലൊവീനിയ, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ചെക് റിപബ്ലിക്, ജര്‍മനി വഴി ലണ്ടനിലെത്തുകയാണ് ലക്ഷ്യം. സൗദിയില്‍ നാല് വര്‍ഷത്തെ ജോലിക്ക് ശേഷം വീട്ടിലേക്ക് തിരിച്ച് മടങ്ങിയപ്പോഴാണ് സൈക്കിള്‍ യാത്ര എന്ന ആഗ്രഹം ഫായിസിന് തോന്നുന്നത്.
വീട്ടില്‍ സൈക്കിള്‍ യാത്ര എന്ന കാര്യം പറയുമ്പോള്‍ വീട്ടുകാരുടെ മുഖം കറുത്തുവെന്ന് ഫായിസ് പറയുന്നു. ഫായിസ് ഇതിന് മുമ്പ് 104 ദിവസം കൊണ്ട് കോഴിക്കോട് നിന്നും സിംഗപ്പൂരിലേക്ക് യാത്ര ചെയ്തിരുന്നു. വളരെ ചിലവ് കുറച്ച് ഹോട്ടല്‍ ബുക്ക് ചെയ്യാതെ പരിചയപ്പെടുന്നവര്‍ക്ക് ഒപ്പം താമസിച്ചാണ് ഫായിസ് യാത്ര ചെയ്യുന്നത്.