തിരുവനന്തപുരം. നടന് അലന്‍സിയര്‍ ലോപ്പസ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ഉയരുമ്പോഴും പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നടന്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ സമ്മേളനത്തിലാണ് നടന് വിവാദ പരാമര്‍ശം നടത്തിയത്. പെണ് പ്രതിമ നല്കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം.
അതേസമയം തന്നെ ആരും സദാചാരം പഠിപ്പിക്കാന്‍ വരേണ്ടെന്ന് അലന്‍സിയര്‍ വ്യക്തമാക്കി. പീഡിപ്പിച്ച് കൊണ്ട് നടക്കുന്നവന് മലയാള സിനിമയിലെ ഏക പീഡകന് എന്ന് തന്നെ വിശേഷിപ്പിക്കേണ്ട. അതിന് യോഗ്യതയുള്ളവര്‍ പലരുമുണ്ട്. അതേസമയം മുഖ്യമന്ത്രി വേദിയില്‍ നിന്നും പോയതിലുള്ള പ്രതിഷേധമാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അലന്‍സിയറുടെ മറുപടി.
സിനിമാ നടനായത് കൊണ്ട് പേരുദോഷം മാത്രമെയുള്ളുവെന്നും ഇല്ലാത്ത ആരോപണങ്ങളില്‍ കുടുക്കാന്‍ ശ്രമിക്കേണ്ടെന്നും നടന് പറയുന്നു. സിനിമ മേഖലയില്‍ സ്ത്രീകളും പുരുഷന്മാരും പ്രശ്നങ്ങള്‍ അഭുമുഖീകരിക്കുന്നുണ്ട്. നമ്മള് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കുന്നവര്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങള്‍ വലുതാണ്. താന്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ കണ്ടിട്ടുണ്ട്.
പെണ്‍പ്രതിമ നല്കി പ്രലോഭിക്കരുതെന്ന് പറയേണ്ടത് വലിയ വേദിയിലല്ലെ. അറിഞ്ഞുകൊണ്ട് തന്നെയാണ് പറഞ്ഞത്. അല്ലാതെ മറ്റൊരു തോന്നല്‍ കൊണ്ടല്ല. താന്‍ ആരേയും ആക്ഷേപിച്ചിട്ടില്ല. പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അലന്‍സിയര്‍ വ്യക്തമാക്കുന്നു.