മനുഷ്യന് നിര്‍മ്മിച്ച ബഹിരാകാശ പേടകങ്ങളില്‍ ഏറ്റവും വലുത്. കഴിഞ്ഞ 24 വര്‍ഷമായി മനുഷ്യരുമായി ഭൂമിയെ ചുറ്റുന്ന അത്ഭുതങ്ങളില്‍ ഒന്നാണ് ബഹിരാകാശ നിലയം (ഐ എസ് എസ്). മനുഷ്യരാശിയ്ക്കായി പല നിര്‍ണായക പരീക്ഷണങ്ങളും നമ്മള് ഐ എസ് എസില്‍ നടത്തി വിജയിപ്പിച്ചിട്ടുണ്ട്. 24 വര്‍ഷമായി ഭൂമിയെ വലംവെക്കുന്ന ഐ എസ് എസിന് റിട്ടയര്‍മെന്റ് പ്ലാനുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഐ എസ് എസിനെ തിരികെ ഭൂമിയില്‍ എത്തിക്കാന്‍ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ സഹായം തേടുമെന്നാണ് നാസ തീരുമാനം. 2030 വരെയാണ് ഐ എസ് എസ് ബഹിരാകാശത്ത് തുടരുക. തുടര്‍ന്ന് സുരക്ഷിതമായി ഭ്രമണപഥത്തില്‍ നിന്നും മാറ്റുവനാണ് തീരുമാനം. ഭൂമിയില്‍ ജനവാസ മേഖലയല്ലാത്ത സ്ഥലങ്ങളില്‍ ഇടിച്ചിറക്കാനാണ് പദ്ധതി. ഐ എസ് എസിനെ ഭൂമിയോട് അടുപ്പിക്കാന്‍ പുതിയ ബഹിരാകാശ പേടകമോ അല്ലെങ്കില്‍ നിലവിലെ ഐ എസ് എസിനോട് കൂട്ടിച്ചേര്‍ക്കാവുന്ന ഭാഗങ്ങളോ ഉപയോഗിച്ചായിരിക്കും ഭ്രമണ പഥത്തില്‍ മാറ്റം വരുത്തുക.
ഐ എസ് എസിനെ ഭ്രമണപഥത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്ന വാഹനമാക്കി മാറ്റുവനാണ് ശ്രമിക്കുന്നത്. ഇതുവഴി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം തിരികെ പ്രവേശിക്കും. തുടര്‍ന്ന് ദിശാ നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രതമായി ഉപയോഗപ്പെടുത്തി പസഫിക് സമുദ്രത്തിലേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ പതിപ്പിക്കും. ഐ എസ് എസിന്റെ വിരമിക്കല്‍ പദ്ധതിക്കായി 180 ദശലക്ഷം ഡോളറിന്റെ പ്രത്യേക ബജറ്റാണ് നാസ സമര്‍പ്പിച്ചിരിക്കുന്നത്.
ബഹിരാകാശത്തേക്ക് ചരക്ക് നീക്കം നടത്തിയിരുന്ന റഷ്യയുടെ സ്പേസ്ക്രാഫ്റ്റ് പ്രോഗ്രസിനെ ഉപയോഗിച്ച് ഐ എസ് എസിന്റെ ഭ്രമണ പഥം മാറ്റാന്‍ സാധിക്കുമോ എന്ന കാര്യം നാസ മുമ്പ് പരിഗണിച്ചിരുന്നു. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് വ്യക്തമല്ല. അമേരിക്ക, ജപ്പാന്, യൂറോപ്യന്‍ രാജ്യങ്ങള്‍, റഷ്യ, കാനഡ എന്നി രാജ്യങ്ങളുടെ ഭാഗമാണ് ഐ എസ് എസ്. 1998 മുതലാണ് ഈ അഞ്ച് ബഹിരാകാശ ഏജന്‍സികളും ഐ എസ് എസിന്റെ ഭാഗമാകുന്നത്.
റഷ്യ ഒഴികെയുള്ള മറ്റ് അംഗ രാജ്യങ്ങള്‍ 2030 വരെ അന്താരാഷ്ട്ര ബഹിരാകാശത്തിലുണ്ടാകുമെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ റഷ്യന്‍ സാന്നിധ്യം 2028 വരെ മാത്രമായിരിക്കും എന്നാണ് വിവരം. ഐ എസ് എസിനെ തിരികെ ഭൂമിയിലേക്ക് എത്തിക്കാന്‍ വേണ്ട ഡിഓര്‍ബിറ്റ് വാഹനം നിര്‍മിക്കാനും പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുവാനും വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് നാസ പറയുന്നത്. അതേസമയം ഐ എസ് എസ് വിരമിച്ച ശേഷം സ്വകാര്യ കമ്പനികളുടെ സഹായത്തോടെ പുതിയ ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് അമേരിക്കയുടെ നീക്കം. പുതിയ ബഹിരാകാശ നിലയത്തിന്റെ പദ്ധതികള്‍ തയ്യാറാക്കുവാന്‍ 2021ല്‍ നാസ നോര്‍ത്രോപ് ഗ്രുമ്മന്, ബ്ലൂ ഒറിജിന്‍, നാനോറാക്സ് എന്നീ കമ്പനികളുമായി കരാറിലെത്തിയിരുന്നു.
പലപ്പോഴും ഐ എസ് എസ് കേരളത്തിന് മുകളിലൂടെ പോകുന്നത് വലിയ വാര്‍ത്തയായിട്ടുണ്ട്. ഭൂമിയില്‍ നിന്നും ഏതാണ്ട് 400 കിലോമീറ്റര്‍ ഉയരത്തിലാണ് ഐ എസ് എസ് ഭൂമിയെ വലംവെക്കുന്നത്. ഒരു സെക്കന്റില്‍ 7.66 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. മണിക്കൂറില്‍ നിലയം 27600 കിലോമീറ്റര്‍ സഞ്ചരിക്കും. ഭൂമിയെ ഒരു തവണ വലംവെയ്ക്കാന് നിലയത്തിന് 92.68 മിനിറ്റുകള്‍ മതിയെന്ന് ചുരുക്കം. ദിവസത്തിന് നിലയം 15.54 തവണ ഭൂമിയെ വലയം വെയ്ക്കും. ആറ് പേര്‍ക്ക് താമസിച്ച് പരീക്ഷണം നടത്താന്‍ സാധിക്കുന്ന വിധത്തിലാണ് നിലയത്തിന്റെ രൂപകല്പന.