ചന്ദ്രനില്‍ വീണ്ടും സൂര്യന്‍ ഉദിച്ചതോടെ ഉറക്കം വിട്ട് പ്രഗ്യാന്‍ റോവറും വിക്രം ലാന്‍ഡറും ഉണരുമെന്ന പ്രതീക്ഷയിലാണ് രാജ്യം. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ലാന്‍ഡറും റോവറും പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് ഇസ്രോ കരുതുന്നത്. അതേസമയം ലാന്‍ഡറും റോവറും ഒന്നിച്ച് ഉണരുമെന്നും രണ്ടും പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും ശാസ്ത്ര ലോകം കരുതുന്നില്ല. രണ്ടില്‍ ഒന്ന് എങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ തന്നെ ഇന്ത്യയുടെ ശാസ്ത്ര മികവിന് വലിയ അംഗീകാരമാണ് ലഭിക്കുക.
14 ഭൗമ ദിവസമാണ് ചന്ദ്രനിലെ ഒരു പകല്‍. അതിനാല്‍ തന്നെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവറിനും ലാന്‍ഡറിനും ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കു. നിര്‍മ്മിക്കുമ്പോള്‍ ചന്ദ്രനിലെ ഒരു പകല്‍ സമയം മാത്രം പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നിര്‍മാണം. അതിനാല്‍ തന്നെ ചന്ദ്രനിലെ ഒരു പകല്‍ സമയം കൊണ്ട് ശേഖരിക്കാന്‍ സാധിക്കുന്ന ഡേറ്റയുടെ ഒരു വലിയ ശേഖരം തന്നെ ലാന്‍ഡറും റോവറും ശേഖരിച്ച് ഭൂമിയിലേക്ക് അയച്ചിരുന്നു.
ലാന്‍ഡറിനെയും റോവറിനെയും സൂര്യാസ്തമയത്തേക്കാള്‍ മുമ്പ് സ്ലീപ്പ് മോഡിലേക്ക് മാറ്റിയത് തന്നെ വീണ്ടും ഉണര്‍ത്താം എന്ന പ്രതീക്ഷയിലാണ്. ഈ സമയം പേടകത്തിലെ എല്ലാ ബാറ്ററികളും പൂര്‍ണമായും ചാര്‍ജ് ചെയ്ത നിലയിലായിരുന്നു. രാത്രിയില്‍ ഉണ്ടാകുന്ന വലിയ തണുപ്പിനെ ചെറുക്കാന്‍ ചൂട് ഉപകരണങ്ങളില്‍ നിലനിര്‍ത്തുവനാണ് ഇത് ചെയ്തത്.
ചന്ദ്രനില്‍ സൂര്യന്‍ അസ്തമിച്ചതോടെ മൈനസ് 200 ഡിഗ്രി തണുപ്പാണ് ഉണ്ടായത്. 14 ദിവസത്തിന് ശേഷം ചന്ദ്രനില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സൂര്യന്‍ ഉദിച്ചത്. വീണ്ടും പൂര്‍ണ സജ്ജമായി ലാന്‍ഡറും റോവറും ഉണര്‍ന്നാല്‍ അടുത്ത 14 ദിവസം കൂടി പ്രവര്‍ത്തിക്കും എന്നാണ് വിലയിരുത്തല്‍. ഇത് സംഭവിച്ചാല്‍ ശേഖരിച്ച വിവരങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനും കൂടുതല്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും ഇസ്രോയ്ക്ക് സാധിക്കും.