തൃശൂര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഇഡിയുടെ വ്യാപക പരിശോധന. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകള്‍ നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെയാണ് പരിശോധന. കൊച്ചിയില്‍ നിന്നുള്ള ഇ ഡിയുടെ സംഘമാണ് തൃശൂര്‍, എറണാകുളം ജില്ലകളിലെ ഒന്‍പത് ഇടങ്ങളില്‍ പരിശോധന നടത്തുന്നത്.
കരിവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും തട്ടിയെടുത്ത പണം വെളുപ്പിക്കാന്‍ പ്രതികള്‍ മറ്റ് സഹകരണ ബാങ്കുകളെ ഉപയോഗിച്ചുവെന്നാണ് വിലയിരുത്തല്‍. സി പി എം നേതാവും മുന്‍ മന്ത്രിയുമായ എ സി മൊയ്തീനുമായി ബന്ധം ഉണ്ടെന്ന് പറയുന്ന വെളപ്പായ സതീശന് എന്ന സതീഷ് കുമാര്‍ ഒന്നര കോടിയോളം രൂപ അയ്യന്തോള്‍ ബാങ്ക് വഴി വെളിപ്പിച്ചതായ് ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു.
സതീഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ അഞ്ച് അക്കൗണ്ടുകളിലായി ഭാര്യയുടെയും ബന്ധുക്കളുടെയും പേരില്‍ നിക്ഷേപം നടത്തി. അതോടൊപ്പം ദീപക് എന്ന വ്യക്തി അഞ്ചരക്കോടി രൂപ വെളിപ്പിക്കുന്നതിനായി ഒന്‍പതോളം ഷെല്‍ കമ്പനികള്‍ തുടങ്ങിയിരുന്നു. ചൊവ്വാഴ്ച എ സി മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇ ഡിയുടെ വ്യാപക പരിശോധന.