ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സുപ്രധാന കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ ഇപ്പോള്‍ സമ്മേളനിക്കുന്നത് ചെറിയ ഒരു കാലത്തേക്കാണ്. എന്നാല്‍ വലിയ കാര്യങ്ങള്‍ ഈ കാലയളവില്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വികസിത ഇന്ത്യയിലേക്കുള്ള യാത്ര പുതിയ മന്ദിരത്തില്‍ നിന്നും തുടരേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യം ജി 20 സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതായും. ജി 20യില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ച എല്ലാ കാര്യങ്ങളും രാജ്യത്തിന്റെ ശോഭനമായ ഭാവിയെ പൂര്‍ത്തികരിക്കാന്‍ വേണ്ടിയാണെന്നും ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍ അംഗത്വം നല്‍കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ പഴയ പാര്‍ലമെന്റിലാണ് സമ്മേളനം നടക്കുക. വിനായക ചതുര്‍ത്ഥി ദിനമായ നാളെ പുതിയ മന്ദിരത്തിലേക്ക് സമ്മേളനം മാറ്റും. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ലോക്‌സഭയില്‍ സംസാരിക്കും. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും.