രാജ്യത്തിന് അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച് നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്.എഫ്.ഒ ടെക്നോളജീസ്. എൽ.വി.എം3-എം4 ചന്ദ്രയാന്റെ ഒമ്പത് നിർണ്ണായക ആർ.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ ടെക്നോളജീസ് നിർമ്മിച്ച് നൽകിയത്. റിയൽ ടൈം ഫ്ളൈറ്റ് ആപ്ലിക്കേഷനുകൾക്കായി ട്രാക്കിങ്, ടെലിമെട്രി, ടെലി-കമാൻഡ് എന്നിവയ്ക്കായുള്ള തന്ത്രപരവും നിർണായകവുമായ ഓൺബോർഡ് പാക്കേജുകളാണ് ആർ.എഫ് സിസ്റ്റങ്ങൾ.
എൽ.വി.എം3-എം4 ചന്ദ്രയാനിലെ ആറ് ടെലി-കമാന്റ് റിസീവറുകൾ, രണ്ട് എസ്-ബാൻഡ് ട്രാൻസ്മിറ്ററുകൾ, ഒരു സി-ബാൻഡ് ട്രാൻസ്പോണ്ടർ എന്നിവ അടങ്ങുന്ന ആർ.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ നിർമ്മിച്ചത്. ചന്ദ്രയാൻ ദൗത്യത്തിൽ നിർണ്ണായക പങ്കുകളാണ് ഈ ആർ.എഫ് പാക്കേജുകൾ നിർവ്വഹിച്ചത്.
സി ബാൻഡ് ട്രാൻസ്പോണ്ടർ
ഫ്ളൈറ്റ് സമയത്ത് ലോഞ്ച് വെഹിക്കിളിന്റെ തൽക്ഷണ സ്ഥാനം കൺട്രോൾ റൂമിൽ നൽകുന്നതിനായി, സി.ബി.ടി ഗ്രൗണ്ട് റഡാറുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. സി.ബി.ടിയിൽ ഉയർന്ന പൾസ്ഡ് ട്രാൻസ് മീറ്ററും, ഒരൊറ്റ പാക്കേജിൽ സംയോജിപ്പിച്ച ഉയർന്ന സെൻസിറ്റീവ് റിസീവറും അടങ്ങിയിരിക്കുന്നു. ഈ സംവിധാനം എൽ.വി.എം3-എം4 ന്റെ എക്യുപ്മെന്റ് ബേയിലാണ് (ഇ.ബി) സ്ഥിതിചെയ്യുന്നത്. ഒന്നിലധികം കമാന്റുകളോട് പ്രതികരിക്കാനുള്ള ഇവയുടെ കഴിവ്, അനധികൃത കമാന്റുകളിൽനിന്നും റോക്കറ്റിന് സംരക്ഷണമൊരുക്കുന്നു. ഇവ ഗ്രൗണ്ട് റഡാറുകളെ സമന്വയിപ്പിക്കുകവഴി ബന്ധപ്പെട്ട റഡാറുകൾക്ക് ട്രാൻസ്പോണ്ടർ ഓൺ ബോർഡ് മറുപടി നൽകുകയും ചെയ്യുന്നു. സി ബാൻഡ് 4-8GHz ശ്രേണിയിലാണ് സി.ബി.ടി പ്രവർത്തിക്കുന്നത്.
എസ് ബാൻഡ് ട്രാൻസ്മിറ്റർ
റോക്കറ്റിന്റെ പ്രകടന വിശകലനത്തിനും തത്സമയ തീരുമാനങ്ങൾ എടുക്കുന്നതിനും റോക്കറ്റിന്റെ വെഹിക്ക്ൾ-ഹെൽത്ത് പാരാമീറ്ററുകളുടെ അളവും നിരീക്ഷണവും പരമ പ്രധാനമാണ്. പ്രോഗ്രാം ചെയ്യാവുന്ന എസ് ബാൻഡ് ട്രാൻസ്മിറ്റർ, ഡാറ്റയുടെ വിശകലനത്തിനായി വിവിധ തന്ത്രപ്രധാനമായ ഗ്രൗണ്ട് സ്റ്റേഷനുകളിലേയ്ക്ക് തടസ്സമില്ലാതെ തത്സമയം ഫ്ളൈറ്റ് ഡാറ്റ കൈമാറുന്നു. മികച്ച ബിറ്റ് എറർ പ്രകടനത്തോടെ സെക്കന്റിൽ രണ്ട് മെഗാബിറ്റ് ഡാറ്റ കൈമാറാനുള്ള ശേഷി എസ്.ബി.ടിയെ ഏത് ബഹിരാകാശ ദൗത്യങ്ങളുടെയും ഭാഗമാക്കിമാറ്റുന്നു.
ടെലി-കമാൻഡ് റിസീവർ
ബിൽറ്റ് ഇൻ പരിരക്ഷയും സ്പുരിയസ് ഫ്രീ പ്രവർത്തനവുമുള്ള അത്യാധുനിക റിസീവറാണ് ടെലി-കമാൻഡ് റിസീവർ. ടെലി കമാൻഡ് ഗ്രൗണ്ട് സ്റ്റേഷനുകളിൽനിന്നും കമാൻഡുകൾ നിർവ്വഹിക്കുന്ന കമാൻഡ് ഡീകോഡറുമായുള്ള ഇന്റർഫേസുകളിൽനിന്നും ഇതിന് അപ് ലിങ്ക് കമാൻഡുകൾ ലഭിക്കുന്നു. റേഞ്ച് സേഫ്റ്റി പ്രവർത്തനത്തിന്റെ ഭാഗമാണിത്. വെല്ലുവിളികൾ നിറഞ്ഞ ചന്ദ്രയാൻ ബഹിരാകാശ ദൗത്യത്തിൽ എസ്.എഫ്.ഒ-ഐ.എസ്.ആർ.ഒ പങ്കാളിത്തം ഒരു എളിയ തുടക്കം മാത്രമാണെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ എൻ. ജഹാംഗീർ പറഞ്ഞു.
ഇന്ത്യയ്ക്ക് ലോകത്തിന് മുന്നിൽ കൂടുതൽ ബഹുമതികൾ നേടിയെടുക്കാൻ സാധിക്കുന്ന വിദൂരമല്ലാത്ത ബഹിരാകാശ ദൗത്യങ്ങളിൽ ഐ.എസ്.ആർ.ഒയുമായി ഉത്സാഹത്തോടെ സഹകരിക്കാൻ എസ്.എഫ്.ഒ എല്ലായിപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ: രാജ്യത്തിന് അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തിൽ എസ്.എഫ്.ഒ ടെക്നോളജീസ് നിർമ്മിച്ചുനൽകിയ ആർ.എഫ് പാക്കേജുകൾ, എൽ.വി.എം3-എം4 ചന്ദ്രയാനിൽ പ്രവർത്തിക്കുന്ന രീതി.