കോട്ടയം. സർവീസിന് നൽകിയ സ്‌കൂട്ടറിന് കമ്പനി ജീവനക്കാരുടെ അനാസ്ഥമൂലം പിഴ ലഭിച്ചതായി പരാതി. കോട്ടയം ചേറ്റുതോട് സ്വദേശി മാനോ ജോർജിനാണ് കമ്പനി ജീവനക്കാരുടെ അനാസ്ഥമൂലം പോലീസിൽ നിന്നും ഇ ചലാൻ ലഭിച്ചത്. മനോയുടെ ഓല സ്‌കൂട്ടറിന് ഷോക്കോപ്‌സറിൽ തകരാർ സംഭവിച്ചതോടെയാണ് സ്‌കൂട്ടർ കഴിഞ്ഞ ഒക്ടോബർ 28ന് സർവീസിനായി നൽകിയത്. ഇത് അനുസരിച്ച് വീട്ടിൽ വന്ന് കമ്പനി ചുമതലപ്പെടുത്തിയവർ സ്‌കൂട്ടർ കൊണ്ടു പോകുകയും ചെയ്തു.
കോട്ടയത്തിനാണ് സ്‌കൂട്ടർ കൊണ്ടു പോകുന്നതെന്നാണ് ഓല ജീവനക്കാർ മനോയെ അറിയിച്ചത്. എന്നാൽ കോട്ടയത്ത് എത്തിയ ശേഷം സ്‌കൂട്ടർ എറണാകുളത്തേക്ക് കൊടുത്തു വിടുകയായിരുന്നുവെന്ന് മനോ പറയുന്നു. എന്തിനാണ് തന്റെ സ്‌കൂട്ടർ എറണാകുളത്തേക്ക് കൊണ്ടു പോയതെന്ന് വ്യക്തമല്ലെന്നും. ജീവനക്കാർ സ്‌കൂട്ടർ അശ്രദ്ധമായി വഴിയരികിൽ നോ പാർക്കിങ് ഏരിയയിൽ കൊണ്ടു പോയി വെക്കുകയായിരുന്നുവെന്നും മനോ പറയുന്നു.
തുടർന്ന് വാഹനത്തിന് പോലീസ് ഇ ചലാൻ വഴി പിഴ നൽകുകയായിരുന്നു. 250 രൂപയാണ് മനോയ്ക്ക് പിഴയായി ലഭിച്ചത്. കഴിഞ്ഞ 12നാണ് മനോയ്ക്ക് പിഴ ലഭിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. എറണാകുളം ഇടപ്പള്ളിയിൽ സ്‌കൂട്ടർ പാർക്ക് ചെയ്തതിനാണ് പിഴ ലഭിച്ചത്. തുടർന്ന് കമ്പനിയെ ബന്ധപ്പെട്ടെങ്കിലും ജീവനക്കാർ വ്യക്തമായ മറുപടി നൽകിയില്ലെന്നും. തങ്ങൾ വാഹനം പുറത്ത് കൊണ്ടുപോയി വെച്ചില്ലെന്നുമാണ് പറയുന്നതെന്ന് മനോ പറഞ്ഞു. കഴിഞ്ഞ 28ന് മനോ സ്‌കൂട്ടർ സർവീസിനായി നൽകിയെങ്കിലും ഇതുവരെ വാഹനം തിരിച്ച് ലഭിച്ചില്ലെന്നും. പിന്നീട് കമ്പനി ജീവനക്കാരെ വിളിക്കുമ്പോൾ കോൾ എടുക്കുന്നില്ലെന്നുമാണ് മനോ പറയുന്നത്.
വാഹനത്തിന് പിഴ ലഭിച്ചതിന്റെ ചലാൻ അടക്കം അയച്ചു കൊടുത്തിട്ടും കമ്പനി വ്യക്തമായ മറുപടി നൽകുന്നില്ല. സ്‌കൂട്ടറിന്റെ തകരാർ പരിഹരിച്ചുവെന്നാണ് കമ്പനി പറയുന്നതെങ്കിലും എന്തിനാണ് വാഹനം കൊച്ചിയിലേക്ക് കൊണ്ടുപോയതെന്ന് വ്യക്തമല്ല. സ്‌കൂട്ടർ വീട്ടിൽ നിന്നും സർവീസിന് കൊണ്ടുപോയി തിരികെ വീട്ടിൽ എത്തിക്കാൻ 3000 രൂപയോളം മനോ മുമ്പ് അടച്ചിരുന്നു. ഒരു വർഷത്തേക്കാണ് 3000 രൂപ അടച്ചത്. കമ്പനിക്കെതിരെ കോടതിയെ സമീപിക്കാനാണ് മനോയുടെ തീരുമാനം.