തൃശൂര്‍. സമൂഹത്തിലെ നിരവധി ഉന്നത സ്ത്രീകള്‍ക്ക് ജന്മം നല്‍കിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വനിതകളെ അമ്മമാരെ സഹോദരിമാരെ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്.
ഇത്ര അധികം വനിതകള്‍ തന്നെ അനുഗ്രഹിക്കുവനായി ഇവിടെ എത്തിയതില്‍ സന്തോഷമുണ്ട്. താന്‍ കാശിയുടെ പാര്‍ലമെന്റ് അംഗമാണ്. ഭഗവാന്‍ ശിവന്റെ മണ്ണാണ് കാശി. അവിടെ നിന്നും വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിയത് വലിയ അനുഗ്രഹമായി കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമര പോരാളികളായ അക്കാമ്മ ചെറിയാന്‍, കുട്ടിമാളു അമ്മ, റോസമ്മ പുന്നൂസ് എന്നിവരുടെ നാടാണ് കേരളം. ആദിവാസി നഞ്ചിയമ്മ അവര്‍ വലിയ കലാകാരിയാണ്. ദേശീയ അവര്‍ഡ് വരെ ലഭിച്ചു. കേരളം പിടി ഉഷയെ പോലുള്ളവരെയും സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ചര്‍ച്ച മോദിയുടെ ഗ്യാരന്റിയെക്കുറിച്ചാണ്.
ഈ സര്‍ക്കാര്‍ ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നതില്‍ തീരുമാനം എടുത്തു. നാരീശക്തി നിയമമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സ്ത്രീകള്‍ മുത്തലാഖ് മൂലം ബുദ്ധിമുട്ടി. അതില്‍ നിന്നും അവരെ മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.