തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് 2024ലെ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പ്രചാരണ പരിപാടിയും റോഡ് ഷോയുമായിരുന്നു. എന്തിനായിരിക്കും കേരളത്തിലെ ഈ കൊച്ച് നഗരത്തെ പ്രധാനമന്ത്രി തിരഞ്ഞെടുത്തത്. ജനുവരി മൂന്നിന് ശക്തന്റെ മണ്ണില്‍ ആരംഭിച്ചത് മോദിയുടെ നൂറ് കണക്കിന് റോഡ് ഷോകള്‍ക്കുള്ള തുടക്കമാണ്. കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് പറഞ്ഞാല്‍ 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതും തൃശൂരില്‍ തന്നെയായിരുന്നു.
കേരളത്തില്‍ ബിജെപിക്ക് വിജയിച്ച് കയറുവാനും ശക്തമായ മത്സരം കാഴ്ചവെയ്ക്കുവാനും സാധിക്കുന്ന എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. റോഡ് ഷോയില്‍ തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പം മലയാളികള്‍ കണ്ട മറ്റൊരു മുഖമാണ് സുരേഷ് ഗോപിയുടേത്. ഇത് നല്‍കുന്ന സൂചനകള്‍ വ്യക്തമാണ്. സുരേഷ് ഗോപി തന്നെയായിരിക്കാം തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി.
സ്ത്രീശക്തിക്കൊപ്പം മോദി മാജിക്കും
ഉത്തരേന്ത്യയില്‍ 2023ല്‍ നടന്ന വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി മിന്നുന്ന വിജയമാണ് നേടിയത്. മോദി തരംഗത്തിനൊപ്പം രാഷ്ട്രീയ നിരീക്ഷകര്‍ ആഴത്തില്‍ വിശദീകരിച്ച മറ്റൊന്നുകൂടി ഉണ്ടായിരുന്നു അതാണ് സ്ത്രീകളുടെ പിന്തുണ. സ്ത്രീകളുടെ മനസ്സില്‍ ബിജെപിക്ക് ആഴത്തില്‍ വേരുറപ്പിക്കാന്‍ സാധിച്ച് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. പലപ്പോഴും കേരളത്തില്‍ ട്രോളുകള്‍ക്ക് കാരണമാകുന്ന കക്കൂസ് നിര്‍മാണം മുതല്‍ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് പണം നല്‍കി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ വരെ ഇതിനെ സ്വാധീനിച്ചു.
കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ ചിലവില്‍ പാചകവാതകം നല്‍കിയതും സിലണ്ടറിന് വിലകുറച്ചതും എല്ലാം സ്ത്രീകളുടെ വോട്ട് ലഭിക്കാന്‍ കാരണമായി. കേരളത്തിലും സമാനമായ രീതിയില്‍ സ്ത്രീകളെ ഒപ്പം നിര്‍ത്തി തിരഞ്ഞെടുപ്പില്‍ ലാഭം ഉണ്ടാക്കുവനാണ് ബിജെപി ശ്രമിക്കുന്നത്.
തൃശൂരില്‍ കളം നിറഞ്ഞ് ബിജെപി
മോദിയുടെ സന്ദര്‍ശനത്തിന് തൊട്ട് മുമ്പ് പതിവില്ലാത്ത ഒരു കാഴ്ചയായിരുന്നു സുരേഷ് ഗോപിക്കായിട്ടുള്ള ചുവരെഴുത്തുകള്‍. പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമാണ് പ്രചാരണം ആരംഭിക്കുക എന്നാല്‍ സുരേഷ് ഗോപിയുടെ കാര്യത്തില്‍ ഇത് തെറ്റിക്കുകയാണ് ചുവരെഴുത്തിലൂടെ ചെയ്തിരിക്കുന്നത്. തൃശൂരിന്റെ സ്വന്തം, സുരേഷ് ഗോപിയെ വിജയിപ്പിക്കുക ചതിക്കില്ല എന്നത് ഉറപ്പാണ് എന്നീ വാചകങ്ങളാണ് ചുവരെഴുത്തില്‍ നിറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പ്രതികരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറയുന്നത് പൊതു വികാരമാണ് ചുവരെഴുത്തിയി പ്രത്യക്ഷപ്പെട്ടത് എന്നാണ്.
1999ല്‍ ആറ് ശതമാനമായിരുന്നു ബിജെപിയുടെ തൃശൂരിലെ വോട്ട് ശതമാനം എന്നാല്‍ 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വോട്ട് ശതമാനം 28.2 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍ മത്സരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 31.3 ശതമാനം വോട്ട് നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. വിജയിച്ച സിപിഐ സ്ഥാനാര്‍ഥി പി ബാലചന്ദ്രന്റെ വോട്ട് ശതമാനം 34.25 ശതമാനമാണ്.
2019ല്‍ തൃശൂരില്‍ എത്തിയ സുരേഷ് ഗോപിയല്ല അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തൃശൂരില്‍ നില്‍ക്കുന്നത്. ശക്തന്റെ മണ്ണില്‍ മുക്കിലും മൂലയിലും നിറഞ്ഞ് നില്‍ക്കാനും വോട്ടര്‍മാരെ നേരില്‍ കണ്ട് ചങ്ങാത്തം സൃഷ്ടിക്കാനും സുരേഷ് ഗോപിക്ക് സാധിച്ചു. സുരേഷ് ഗോപി തൃശൂരില്‍ എന്ത് ചെയ്താലും അത് മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കുന്നതും നാം കണ്ടു. സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കം വന്‍ ജനശ്രദ്ധയാണ് നേടിയത്.
ഇതിനിടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുകയാണെന്ന് സിപിഎമ്മിനും തോന്നിത്തുടങ്ങി. അതോടെ സുരേഷ് ഗോപിയെ ലക്ഷംവെച്ച് വ്യാജ ആരോപണങ്ങളും പരാതികളുമായി സിപിഎമ്മും അവരുടെ കൂട്ടാളികളും രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കേസ് എടുത്തു. തിരഞ്ഞെടുപ്പില്‍ എന്നും ബിജെപി പ്രഫഷനലാണെന്ന് പറയാം. വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളെ ക്ലാസുകളായി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കുകയാണ് ബിജെപിയുടെ രീതി. തൃശൂരിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി തുടക്കം കുറിച്ചിരിക്കുകയാണ്. അടുത്ത നീക്കങ്ങള്‍ക്കായി കാത്തിരിക്കാം.