വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്. അതും ബിജെപി എ ക്ലാസ് മണ്ഡലത്തിന്റെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന തൃശൂരില്‍ തന്നെ, മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. രാജ്യത്തെ ബിജെപിയുടെ വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞായിരുന്നു തൃശൂരിലെ മോദിയുടെ പ്രസംഗം.
മോദിയുടെ ഗ്യാരന്റി എന്ന് മാത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചത് 18 തവണ. കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ചെയ്ത അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് അദ്ദേഹം പ്രസംഗം പൂര്‍ത്തീകരിച്ചത്. കേരളത്തില്‍ ബിജെപിക്ക് കരുത്ത് പകരാന്‍ മാത്രം ശക്തമായിരുന്നു മോദിയുടെ വരവ്. ഇടത് വലത് മുന്നണികള്‍ക്ക് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുനും മോദിയുടെ വരവോടെ ബിജെപി കേരളത്തിന് സാധിച്ചു.
തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകുമെന്ന് തന്നെയാണ് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. മോദിക്കൊപ്പം റോഡ് ഷോയില്‍ സുരേഷ് ഗോപി കൂടെ പങ്കെടുത്തതോടെ, തൃശൂരില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്യം ഉറപ്പിക്കുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അനൗദ്യോഗിക തുടക്കം കുറിക്കുക കൂടിയാണ് മോദി തൃശൂരില്‍ ചെയ്തത്. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ മോദിയുടെ ഗ്യാരന്റിയാണെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.
ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് ലക്ഷത്തോളം വരുന്ന വനിതകളും മോദിയുടെ ഗ്യാരന്റി എന്ന മുദ്യവാക്യം വിളിച്ചു. രാജ്യത്തെ വലിയ ചര്‍ച്ചകള്‍ മോദിയുടെ ഗ്യാരന്റിയെ കുറിച്ചാണെന്നും. വനിതകളുടെ ജീവിതം സുഖകരമാക്കുന്ന നിരവധി പദ്ധതികളാണ് രാജ്യത്ത് 10 വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയതെന്നും ഉജ്ജ്വല പദ്ധതിയിലൂടെ 10 കോടി കണക്ഷനുകള്‍ നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ 11 കോടി കുടുംബങ്ങള്‍ക്ക് ശുദ്ധജലം നല്‍കി. 12 കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം നിര്‍മിച്ച് നല്‍കി. കേരളത്തിലെ 60 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കിയെന്നും 30 കോടി മഹിളകള്‍ക്ക് മുദ്ര വായ്പകള്‍ നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കായി ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 26 ആഴ്ചയായി ഗര്‍ഭിണികള്‍ക്കുള്ള പ്രസവാവധി വര്‍ധിപ്പിച്ചു. സൈനിക സ്‌കൂളുകള്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീ സംവരണം നടപ്പിലാക്കിയെന്നും മോദിയുടെ ഗ്യാരന്റിയാണ് ഇതെല്ലാം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.