തിരുവനന്തപുരം. കേരളത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 18 പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയല്ല ലാഭത്തിലാക്കുകയാണ് ലക്ഷ്യമെന്ന പറഞ്ഞായിരുന്നു പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 149 പൊതുമേഖല സ്ഥാപനങ്ങളില്‍ വലിയ ഒരു പങ്കും നഷ്ടത്തിലാണ്.
നഷ്ടക്കണക്കുകള്‍ കൂടുതല്‍ പറയാനുള്ളത് കെഎസ്ആര്‍ടിസിക്കും വാട്ടര്‍ അതോറിട്ടിക്കുമാണ്. കെഎസ്ആര്‍ടിസിയുടെ നഷ്ടം 1521 കോടിയാണെങ്കില്‍ വാട്ടര്‍ അതോറിട്ടിയുടേത് 1312 കോടിയാണ് അതേസമയം പെന്ഷന് ലിമിറ്റഡിന്റേത് 1043 കോടിയാണ്. സംസ്ഥാനത്തെ മറ്റ് പ്രധാന സ്ഥാപനങ്ങളായ കെഎസ്ഇബിയും സപ്ലൈകോയും ഭീമമായ നഷ്ടത്തിലൂടെയാണ് പ്രതിദിനം മുന്നോട്ട് നീങ്ങുന്നതെന്നാണ് വിവരം.
ഈ പൊതു മേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നതോടെ ഇവിടെ തൊഴില്‍ ചെയ്യുന്ന ജീവനക്കാരുടെയും ജീവിതത്തെയാണ് പ്രതികൂലായി ബാധിക്കുന്നത്. 1.29 ലക്ഷം പേരാണ് പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. അതേസമയം കെഎസ്ആര്‍ടിസിയെ സഹായിക്കുന്നസര്ക്കാര് മറ്റ് പൊതുമേഖല സ്ഥാപനങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരുന്നില്ല.
സ്വന്തം വരുമാനം കൊണ്ട് പ്രവര്‍ത്തിക്കണം എന്ന നിലപാടിലാണ് സംസ്ഥാന ധനവകുപ്പും. ബജറ്റില്‍ സ്വകാര്യ മൂലധനത്തെ സ്വീകരിക്കുന്ന സര്‍ക്കാര്‍ പൊതു മേഖലയെ പിന്നില്‍ നിന്നും കുത്തുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.