ഇസ്രോയുടെ പുതിയ കേന്ദ്രത്തിന് തമിഴ്‌നാട്ടിലെ കുലശേഖരപുരത്ത് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 986 കോടി രൂപ മുതല്‍ മുടക്കിലാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. ഇവിടെ നിന്നും വര്‍ഷത്തില്‍ 24 വിക്ഷേപണങ്ങള്‍ നടത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. പുതിയ കേന്ദ്രം 35 വിവിധ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
മൊബൈല്‍ ലോഞ്ച് സ്ട്രക്ചര്‍ അടക്കം കേന്ദ്രത്തിലുണ്ടായിരിക്കും. പുതിയ കേന്ദ്രത്തിനുള്ള സ്ഥലം എടുപ്പ് പൂര്‍ത്തിയായെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഇസ്രോയ്ക്ക് സ്ഥലം കൈമാറിയെന്നും ഐഎസ്ആര്‍ഒ മേധാവി സോമനാഥ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
പുതിയ സ്ഥലത്ത് നിന്നും എസ്എസ്എല്‍വി റോക്കറ്റുകള്‍ വിക്ഷേപിക്കാനാണ് ലക്ഷ്യം ഇടുന്നത്. പുതിയ സ്‌പേസ്‌പോര്‍ട്ടിനായി 2233 ഏക്കര്‍ സ്ഥലമാണ് എറ്റെടുത്തിരിക്കുന്നത്.