തൃശൂര്‍. സിപിഎം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ബാങ്കില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് നടപടി. സിപിഎം നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരുന്നില്ല. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടില്‍ പത്ത് കോടി രൂപയാണ് ഉണ്ടായിരുന്നത്.
എന്നാല്‍ ഈ അക്കൗണ്ടില്‍ ഇപ്പോള്‍ അഞ്ച് കോടി പത്ത് ലക്ഷം രൂപ മാത്രമാണ് ഉള്ളത്. ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്ന എംജി റോഡിലെ ബാങ്കില്‍ മാത്രം ഉണ്ടായിരുന്ന തുകയാണിത്. സിപിഎം ഈ അക്കൗണ്ടില്‍ നിന്നും പലപ്പോഴായി ലക്ഷങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ നിന്നും സിപിഎം ഒരു കോടി പിന്‍വലിച്ചിരുന്നു.
സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ സംബന്ധിച്ച് രണ്ട് ദിവസമാണ് ഇന്‍കം ടാക്‌സ് പരിശോധന നടത്തിയത്. ഇതില്‍ ഒരു കോടി ഫിക്‌സഡ് ഡിപ്പോസിറ്റാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഒരു കോടി പിന്‍വലിച്ചിരുന്നു.
ഈ പണം ചെലവാക്കരുതെന്ന് ഇന്‍കംടാക്‌സ് നിര്‍ദേശം നല്‍കിയിരുന്നു. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം സിപിഎം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഒന്നും ഒളിക്കാനില്ലെന്നായിരുന്നു സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന്റെ പ്രതികരണം.